മാഡിലെയ്ൻസ് മാഡിലെയ്ൻ (2018)

madelinesmadeline-slide

ഈ സിനിമയിലൊരു പെൺകുട്ടിയുണ്ട്, അല്ല ഈ പെൺകുട്ടി തന്നെയാണ് ഈ സിനിമ. ചിത്തരോഗാശുപത്രിയിലെ നഴ്സ്  ക്ളോസപ്പിൽ മുഖത്തോടടുത്ത് വന്ന് അവളോട് പറയുന്നത് കണ്ടാവും നാം തുടങ്ങുക. നീ ഇപ്പോൾ പൂച്ചയല്ല, പൂച്ചക്കുള്ളിലാണ് എന്ന് കരുതൂ. പൂച്ചയുടെ ചേഷ്ടകളോടെ തന്നെ ഉറക്കമെണീറ്റുവരുന്ന മാഡലിന്റെ പൂച്ചവയറ്റിൽ അമ്മ മാന്തിക്കൊടുക്കുന്നു, ലാളിക്കാൻ ശ്രമിക്കുന്നു. സ്വപ്നത്തിനും ഭ്രാന്തിനും ബോധത്തിനും അബോധത്തിനുമിടയിൽ കുരുങ്ങിപ്പോയ മാഡിലെയ്ൻ എന്ന ടീനേജ് പെൺകുട്ടി കേന്ദ്രകഥാപാത്രമായി വരുന്ന ഒരു പരീക്ഷണാത്മക സിനിമയാണ് “മാഡിലെയ്ൻസ് മാഡിലെയ്ൻ”.  കമിങ് ഓഫ് ഏജ് സിനിമകൾ അമേരിക്കയിൽ എക്കാലവും കൂടുതലായി വരാറുണ്ട്, ഈ സിനിമയിൽ മാഡിലെയ്ൻ ആയി നിറഞ്ഞൊഴുകുന്ന ഹെലേന ഹൊവാർഡ് വരും കാലത്തേക്കുള്ള അഭിനേത്രിയാണ്.

മകളുടെ മാനസികാരോഗ്യത്തിൽ വേവലാതിപ്പെടുന്ന അമ്മക്ക്, അവളെ ഒരുതരത്തിലും മനസ്സിലാകുന്നില്ല. വെള്ളക്കാരിയായ അമ്മക്ക് ഉണ്ടാകുന്ന കറുത്തവർഗ്ഗക്കാരിയായ കുട്ടി കൂടിയാണ് അവൾ. പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്ന ഒരു പെർഫോമിങ്ങ് തീയറ്ററിൽ അഭിനേത്രിയായി മാഡലൈനും കൂടുന്നു. തന്നെ അലട്ടുന്ന മാനസിക പ്രശ്നങ്ങൾ, അമ്മയുമായി നേരിടുന്ന സംഘർഷങ്ങൾ ഒക്കെ നാടകത്തിന്റെ സംവിധായക ഇവാഞ്ചലീനയോട് പങ്കുവെക്കാൻ അവൾ ശ്രമിക്കുന്നുണ്ട്. എങ്ങനെയാണ് മനുഷ്യന്റെ ആത്മസംഘർഷങ്ങളെ ഉടലിലേക്ക് പരിവർത്തിപ്പിക്കുകയും തിയ്യറ്ററിന്റെ സാധ്യതകളിലൂടെ കലാത്മകമായി അവതരിപ്പിക്കുകയും ചെയ്യുക എന്ന അന്വേഷണങ്ങളിലാണ് ഇവാഞ്ചലീന. സ്വയം അനുഭവിക്കുന്ന ആത്മത്തിന്റെ അരക്ഷിതാവസ്ഥയെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് അവൾ ആഴമേറിയ അനുഭവങ്ങളെ അന്വേഷിക്കുന്നത്. മാഡിലെയ്ൻ പങ്കുവെക്കുന്ന അനുഭവങ്ങൾ ഏറ്റവും തീക്ഷ്ണമായതാണെന്ന തിരിച്ചറിവിൽ അവളുടെ അനുഭവങ്ങൾ ആവിഷ്കരിക്കാൻ സംവിധായിക ശ്രമിക്കുന്നു. നിയതമായ ഘടനകളില്ലാതെ ഒരു കളക്ടീവ് ആർട്ട് ഫോർമാറ്റിൽ അവരുടെ നാടകം നിരന്തരം മാറ്റിമറിക്കപ്പെടുന്നു.

madeline 2

മാഡെലിന്റെ സ്വപ്നദൃശ്യങ്ങളിൽ നാടകത്തിലെ സംഘനൃത്തങ്ങളുടെ ആഴമുള്ള താളവും പദചലനങ്ങളും മുഖാവരണങ്ങളും മൃഗശബ്ദങ്ങളും കുഴഞ്ഞു മറിയുന്നു. രൂപഭദ്രമായ ഒരു കഥയാണ് നിങ്ങളുടെ കല ആവശ്യപ്പെടുന്നത് എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. നിരന്തരം കുഴമറിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കാഴ്ചയെ അനുഭവത്തെ അതിന്റെ നിയതമായ ചതുരങ്ങളിൽ നിന്ന് മോചിപ്പിക്കുന്നു. കാണിയും മാഡലെയ്നൊപ്പം കടുത്ത അരക്ഷിതാവസ്ഥയിൽ കുരുങ്ങിപ്പോകുന്നു. ബന്ധങ്ങളിലെ അദൃശ്യമായ അധികാരഘടനകൾ, ഒഴിഞ്ഞ ഇടങ്ങൾ, ഗോപ്യമായി ഉള്ളടങ്ങിയ വംശീയത, നിയതമായ പെരുമാറ്റച്ചട്ടങ്ങളും സാമൂഹിക ക്രമങ്ങളും ആവശ്യപ്പെടുന്ന നിരർത്ഥകത …. സിനിമ പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുന്ന ഘടകങ്ങളൊക്കെ മുമ്പും അവതരിക്കപ്പെട്ടിട്ടുണ്ടാവാം. എങ്കിലും ബോധപൂർവം സാമ്പ്രദായിക മാർഗ്ഗങ്ങളെ അതിലംഘിച്ചുകൊണ്ട് സിനിമയെ സമീപിക്കാൻ സംവിധായിക ജോസഫൈൻ ഡെക്കർ ശ്രമിച്ചിട്ടുണ്ട് എന്നതാവും ഈ സിനിമയുടെ പ്രത്യേകത.

പ്രമേയത്തിലോ അവതരണത്തിലോ സാമ്യമൊന്നുമില്ലെങ്കിലും തീയ്യറ്റർ അനുബന്ധമായ ചിത്രമായതിനാലും ബന്ധങ്ങളിലെ അധികാരരൂപങ്ങളെ അന്വേഷണവിധേയമാക്കുകയും ചെയ്യുന്നതിനാലാവും ഫ്രഞ്ച് സിനിമയായ “Clouds of Sils Maria” യെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. സ്വപ്നങ്ങളും ഭ്രമാത്മകലോകവും ഭ്രാന്തും ഒറ്റപ്പെടലിന്റെ വേദനയും മാഡിലെയ്ൻ അവതരിപ്പിക്കുന്നത് അവളെപ്പോലെ മുഖംമൂടിക്കുള്ളിൽ കുരുങ്ങിപ്പോയ കാണിക്ക് കണ്ണിന്റെ സുഷിരങ്ങളിലൂടെ കണ്ടിരിക്കാനേ കഴിയൂ.