കല കുവൈറ്റ് നാൽപ്പതാം വാർഷിക സമാപനം; പ്രകാശ്‌ കാരാട്ട്‌ മുഖ്യാതിഥി

Press meet (1)

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ 40ാ‍ം വാർഷികാഘോഷ സമാപന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കല കുവൈറ്റ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ.എം പി.ബി അംഗവും, മുൻ ജനറൽ സെക്രട്ടറിയുമായ സ:പ്രകാശ്‌ കാരാട്ട്‌ പരിപാടിയിൽ മുഖ്യാതിഥിയായ്‌ പങ്കെടുക്കും. 2019 ജനുവരി 11, വെള്ളിയാഴ്ച്ച വൈകീട്ട്‌ 4 മണിക്ക്‌ അബ്ബാസിയ മറീന ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കുവൈറ്റിലെ പ്രവാസ ലോകത്ത് 40 വർഷമായി നിറഞ്ഞു നിൽക്കുന്ന സാംസ്കാരിക സംഘടനയാണ് കല കുവൈറ്റ്. 1978-ലാണ് പുരോഗമന ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരുപറ്റം ചെറുപ്പക്കാർ ചേർന്ന് ഈ സാംസ്കാരിക സംഘടനക്ക് രൂപം നൽകുന്നത്. യശശ്ശരീരനായ കാഥിക ചക്രവർത്തി വി സാംബശിവന്റെ കഥാപ്രസംഗ പരിപാടിയോടെയാണ് കലയുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 40 വർഷങ്ങൾ പിന്നിടുന്ന ‘കല′ സഹവർത്തിത്വത്തിന്റേയും, സാഹോദര്യത്തിന്റെയും, സെക്യുലറിസത്തിന്റെയും പാതയിലൂടെ കലാസാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ കാലോചിതവും, സാന്ദർഭികവുമായ തനതു പരിപാടികളുമായി കുവൈറ്റ് മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമാണ്.

40ാ‍ം വാർഷികാഘോഷങ്ങളുടെ ഭാഗമായി 40 പരിപാടികൾ എന്ന ലക്ഷ്യത്തിൽ നീങ്ങിയെങ്കിലും, അതിനപ്പുറമുള്ള പരിപാടികൾ കലയ്ക്ക് നടത്താൻ സാധിച്ചു. പ്രളയത്തിൽ മുങ്ങിയ കേരളത്തിന് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75 ലക്ഷം രൂപയാണ് കല നല്കിയത്. കൂടാതെ  നിരവധി അംഗങ്ങൾ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു. 40ാ‍ം വാർഷികത്തിന്റെ ഭാഗമായി 10 പേർക്ക് വീട് നൽകുന്ന കലാഗ്രാമം പദ്ധതി പൂർത്തീകരണത്തിന്റെ ഘട്ടത്തിലാണ്.  പത്തനംതിട്ട ജില്ലയിലെപെരുനാട് പഞ്ചായത്തിലെ  ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ  ബഥനി ആശ്രമം സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്താണ് നിർമ്മാണം. അബ്ബാസിയ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിലെ സ്വാന്തന പരിചരണ കേന്ദ്രങ്ങൾക്ക് 40 വീൽ ചെയറുകൾ നൽകുന്ന പദ്ധതിയും അന്തിമ ഘട്ടത്തിലാണ്. കുവൈറ്റ് കല ട്രസ്റ്റ് നൽകി വരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് ഇത്തവണ 40 പേർക്കാണ് നൽകിയത്.

40ാ‍ം വാർഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി കല കുവൈറ്റിന്റെ 40 മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങ് നടക്കും. കുവൈറ്റിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന നാടകഗാന സന്ധ്യയും, കല കുവൈറ്റ് പ്രവർത്തകർ അണിയിച്ചൊരുക്കുന്ന കാവ്യശില്പവും വേദിയിൽ അരങ്ങേറും.   പരിപാടിയിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കും.

പത്രസമ്മേളനത്തിൽ  കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, ട്രഷറർ രമേശ് കണ്ണപുരം, 40)൦ വാർഷികാഘോഷ സ്വാഗതസംഘം ചെയർമാൻ ടി.വി.ഹിക്മത്, സ്വാഗതസംഘം ജനറൽ കൺവീനർ ജെ.സജി, മീഡിയ സെക്രട്ടറി ജിതിന്‍ പ്രകാശ് എന്നിവർ പങ്കെടുത്തു.

40 poster mal