Pity (2018)

pity

Pity (2018)

Greece, Dir: Babis Makridis

അടക്കാനാവാത്ത ദുഃഖത്തോടെ അയാൾ തന്റെ കിടപ്പുമുറിയിലിരുന്ന് ഉറക്കെയുറക്കെ കരഞ്ഞു. അവിചാരിതമായുണ്ടായ ഒരപകടത്തിൽ, അത്യാസന്ന നില തരണം ചെയ്യാനാകാതെ ആശുപത്രിയിൽ കോമയിലാണ് ഭാര്യ. ഏക മകനൊപ്പം അയാൾ ഫ്ളാറ്റിലും ആശുപത്രിയിലുമായി ജീവിക്കുന്നു. ചുറ്റുമുള്ള ലോകം മുഴുവൻ സന്തുഷ്ടമായ ഈ കൊച്ചു കുടുംബത്തിന് വന്ന് ചേർന്ന ദുർവിധിയിൽ സഹതപിക്കുന്നു.

അടുത്ത ഫ്ളാറ്റിലെ താമസക്കാരി മിക്ക ദിവസവും പ്രാതലിനുള്ള ഭക്ഷണം തയാറാക്കി കൊണ്ടുവന്നു നൽകുന്നു. ഭക്ഷണത്തിലേറെ ദീനാനുകമ്പ നിറഞ്ഞ അവരുടെ കണ്ണുകളും ചേഷ്ടകളും അയാളുടെ മനം നിറക്കുന്നു. എല്ലാ ദിവസവും അയാൾ അവരെ കാത്തിരിക്കുന്നു. സ്ഥിരമായി പോകുന്ന ലാൺട്രിയിലെ നടത്തിപ്പുകാരൻ, തന്റെ ഓഫീസ് സെക്രട്ടറി, ആശുപത്രിയിലെ നഴ്‌സ്, തന്റെ പിതാവ്, അടുത്ത സ്നേഹിതൻ എന്നിവരൊക്കെ സഹതാപത്തോടെ കരുതലോടെ അയാൾക്കുണ്ടായ ദുരന്തത്തിൽ സഹതപിച്ചുകൊണ്ട് ഇടപെടുന്നു.

ആശുപത്രിയിൽ ദുഃഖാർത്തനായ ഭർത്താവായി, ഓർമ്മയില്ലാതെ കിടക്കുന്ന ഭാര്യയോട് പതിഞ്ഞ ശബ്ദത്തിൽ അയാൾ സംസാരിക്കുന്നു. നിർജ്ജീവമായ വരണ്ട ചുണ്ടിൽ ഉമ്മവെക്കുന്നു. പിയാനോ പഠിക്കുന്ന മകൻ പരിശീലിച്ചുകൊണ്ടിരുന്ന ഹർഷാദ്മകമായ ട്യൂൺ അയാൾ നിർത്താനാവശ്യപ്പെടുന്നു. പകരം മരിക്കുമെന്ന് കരുതപ്പെടുന്ന ഭാര്യക്കുള്ള മരണഗീതം അയാൾ അലിഞ്ഞ് പാടുന്നു.

പ്രതീക്ഷകൾക്ക് വിപരീതമായി അത്ഭുതകരമായി ഭാര്യ പൂർവ്വസ്ഥിതിയിലേക്ക് മാറി വീട്ടിലേക്ക് തിരിച്ചെത്തുന്നു. ഒപ്പം തന്നിലേക്ക് സഹാനുഭൂതി ചൊരിഞ്ഞിരുന്ന ചുറ്റുമുള്ള ലോകം അത് പിൻവലിക്കുന്നു. കൂടുതൽ ദുരന്തപൂർണ്ണമായ അനുഭവങ്ങളിലേക്ക് പ്രകടിപ്പിക്കാൻ അവർ അത് മാറ്റിവെച്ചതാകുമോ?  പ്രഭാത ഭക്ഷണം മുമ്പത്തെ പോലെ ഇടക്ക് നൽകിക്കൂടെ എന്നയാൾ അയൽക്കാരിയോട് ചോദിക്കുന്നു. തന്റെ സമയക്കുറവ് പറഞ്ഞവൾ ഒഴിയുന്നു. പലരോടും ഭാര്യയിപ്പോഴും മരണാസന്നയാണെന്ന് പറഞ്ഞ് അയാൾ സഹാനുഭൂതി നേടാൻ ശ്രമിക്കുന്നു. നടക്കാതെ പോയ ചരമ ശുശ്രൂഷയുടെ ആലോചനയിൽ മറ്റൊരാളുടെ കുഴിമാടത്തിൽ പൂവ് വെക്കുന്നു. ആശുപത്രിയിൽ കയറിയിറങ്ങുന്നു, കോമയിൽ കിടക്കുന്ന ഏതോ ഒരജ്ഞാതന്റെ ചുണ്ടിൽ ഉമ്മ കൊടുക്കുന്നു. ഉറക്കെയുറക്കെ കരയാനാവാതെ, കരയാൻ കാരണമില്ലാതെ അയാൾ അസ്വസ്ഥനാവുന്നു. ലോകം തന്നോട് സഹതപിക്കാൻ ഏറ്റവും ദുരന്തപൂർണ്ണമായ സാഹചര്യമുണ്ടാവേണ്ടതുണ്ടെന്ന് നിശ്ചയിക്കുന്നു….

The story of a man who feels happy only when he is unhappy: addicted to sadness, with such need for pity, that he’s willing to do everything to evoke it from others. This is the life of a man in a world not cruel enough for him.

വിഖ്യാത സിനിമാ സംവിധായകൻ തിയോ ആഞ്ചലോപൗലോസിന്റെ മരണത്തിനിപ്പുറം, ആധുനിക ഗ്രീസ് നേരിടുന്ന സാമ്പത്തിക സാമൂഹിക അസന്തുലിതാവസ്ഥകളുടേയും അനിശ്ചിതത്വങ്ങളുടേയും പ്രതിഫലനമെന്നോണം ഒരു പുതിയ സിനിമ രീതി ഗ്രീക്ക് സിനിമകളിൽ പ്രത്യക്ഷപ്പെട്ടുവന്നു. ബ്ളാക്ക് ഹ്യൂമർ ഉള്ളടങ്ങിയ അബ്സർഡ് സിനിമകൾ എന്ന് വിളിക്കാവുന്ന എന്നാൽ കലാത്മകമായി മികച്ചു നിൽക്കുന്ന സിനിമകളുടെ ഈ തരംഗത്തെ Weired wave of Greece എന്നറിയപ്പെട്ടു. യൊർഗോസ് ലാന്തിമോസിന്റെ Dog tooth എന്ന സിനിമ ഈ ശ്രേണിയിലെ എറ്റവും ശ്രദ്ധ നേടിയ സിനിമയായി. അത്തരമൊരു പാറ്റേണിൽ വരുന്ന ഗ്രീക്ക് സിനിമയാണ് Pity. ബാബിസ് മക്രീഡിസ് സംവിധാനം ചെയ്ത സിനിമയുടെ പശ്ചാത്തലവും കുടുംബവും ചുറ്റുപാടുകളുമാണ്.