കല കുവൈറ്റ് 41-ാം വാർഷിക പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം

elamaram kareem

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 41-ാം വാർഷിക പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം. മംഗഫ് അൽ-നജാത്ത് സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനം രാജ്യസഭാംഗവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ എളമരം കരീം ഉദ്ഘാടനം ചെയ്തു. ദേശീയ കേരള രാഷ്ട്രീയം ഇന്ന് കടന്നു പോകുന്ന അവസ്ഥയെ വിശദമായി ഉദ്ഘാടന പ്രസംഗത്തിലൂടെ വ്യക്തമാക്കുകയുണ്ടായി.

കള്ള പ്രചരണത്തിലൂടെയും ഭിന്നിപ്പിലൂടെയും അധികാരത്തിലേറിയ ബിജെപി സർക്കാർ തിരിച്ചടികൾ നേരിടുകയാണ്. ഭരണം നിലനിറുത്താൻ വീണ്ടും ഭിന്നിപ്പിന്റെ രാഷ്ട്രീയം പ്രയോഗിക്കുകയാണ്. 2016-ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ നവകേരള മിഷൻ പദ്ധതികളിലൂടെ ജനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നേറുന്നു. പ്രവാസികൾക്കായി വിവിധ പദ്ധതികളാണ് ഇടതുപക്ഷ സർക്കാർ കൊണ്ടുവന്നത്. പ്രളയാനന്തര കേരളത്തിനുള്ള സഹായങ്ങൾക്കെതിരെ പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കേന്ദ്ര ഗവൺമെന്റ് സ്വീകരിച്ചത്. എന്നാൽ സാലറി ചലഞ്ചുൾപ്പെടെയുള്ള ധനസമാഹരണത്തിലുടെ പ്രതിസന്ധിയെ മറികടക്കുവാനാണ് സംസ്ഥാന ഗവൺമെന്റ് ശ്രമിച്ചത്. ഇത്തരത്തിൽ മുന്നേറുന്ന സർക്കാരിന്റെ പ്രവർത്തനത്തിൽ ഭീതി പൂണ്ട് വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണ് ശബരിമല വിഷയത്തിൽ യുഡിഎഫ് പ്രതിഷേധ സ്വരമായി വരുന്നത്. അല്ലാതെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി അല്ല. ജനങ്ങൾക്ക് അത് കൃത്യമായി മനസ്സിലായിട്ടുണ്ട്.  അതുകൊണ്ട് തന്നെ വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി മികച്ച വിജയം കൈവരിക്കും. പ്രവാസികളായ മലയാളികൾ ഓരോരുത്തരും അതിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വർഗീയ ശക്തികളുടെ ആക്രമണത്തിന് ഇരയായ പ്രമുഖ സാംസ്കാരിക സിനിമ പ്രവർത്തകൻ പ്രിയനന്ദന് ഐക്യദാർഢ്യം പ്രഖ്യപിച്ചു കൊണ്ടുള്ള പ്രതിഷേധ പ്രമേയം കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണൻ അവതരിപ്പിച്ചു.

1980 മുതൽ കല കുവൈറ്റിനൊപ്പം പ്രവർത്തിച്ച, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശ്രീമതി ഷാർലെറ്റ് ആൽബർട്ടിനും, കലയുടെ മുൻ വൈസ് പ്രസിഡന്റായും സാഹിത്യ വിഭാഗം സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുമുള്ള നാട്ടിലേക്ക് മടങ്ങുന്ന ശ്രീ ഹബീബ് റഹ്മാനും, മംഗഫ് യൂണിറ്റ് കൺവീനറായിരുന്ന ശ്രീ പ്രദീപ് കുമാറിനും കലയുടെ സ്നേഹോപഹാരം മുഖ്യാതിഥി എളമരം കരീം കൈമാറി.

50604647_2172426272818173_2164824986479493120_o

കല കുവൈറ്റിന്റെ നാല് മേഖലകളെ പ്രതിനിധീകരിച്ചു കൊണ്ട് ഷൈമേഷ് (അബ്ബാസിയ മേഖല സെക്രട്ടറി), സജീവ് എബ്രഹാം (ഫഹാഹീൽ മേഖല പ്രസിഡന്റ്), അരവിന്ദാക്ഷൻ (സാൽമിയ മേഖല സെക്രട്ടറി), ജിതിൻ പ്രകാശ് (അബു ഹലീഫ മേഖല സെക്രട്ടറി) എന്നിവർ മുഖ്യാതിഥിയെ സ്വീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് അധ്യക്ഷത വഹിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി ടി കെ സൈജു സ്വാഗതം ആശംസിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്ത്. കുമാർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ട്രഷറർ നിസാർ കെവി, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ, വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി ഹനീഫ് സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.

കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്ന് നൂറുകണക്കിനാളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.