ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വെല്ഫെയര്‍ കേരള റിപ്പബ്ലിക് ദിന സംഗമം

welfare

വെല്ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം ശ്രദ്ധേയമായി. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ സമകാലീന ഇന്ത്യയില്‍ പാലിക്കപ്പെടുന്നില്ല എന്നത് ആശങ്കാജനകമാണെന്നും വര്‍ണ്ണ- വര്‍ഗ വ്യതാസങ്ങള്‍ക്കതീതമായി സമത്വവും സാഹോദര്യവും പുലരുന്ന ഒരു ഇന്ത്യക്കായി സമൂഹം ജാഗ്രത പാലിക്കണമെന്നും സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ്‌ റസീന മുഹ്‌യുദ്ദീന്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതിയുടെ വ്യക്തമായ ലംഘനമാണ് സാമ്പത്തിക സംവരണത്തിലൂടെ ഭരണകൂടം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ചുള്ള സര്‍ക്കാര്‍  നിലപാടുകള്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്നും റിപ്പബ്ലിക് ദിന സന്ദേശം നല്കി സംസാരിച്ച വെല്ഫെയര്‍ കേരള കുവൈത്ത് സെക്രെട്ടറി അന്‍വര്‍സാദത്ത്‌ ചൂണ്ടിക്കാട്ടി . സംഗമത്തില്‍ വിവിധ സോണുകള്‍ തമ്മിലുള്ള മള്‍ട്ടീ മീഡിയ ക്വിസ് മത്സരം അരങ്ങേറി . വെല്‍ഫെയര്‍ കേരള വൈസ് പ്രസിഡന്റ്‌ ലയിക്  അഹമദ് മത്സരം നിയന്ത്രിച്ചു . ഫര്‍വാനിയ മേഖല ഒന്നാം സ്ഥാനവും സാല്‍മിയ മേഖല രണ്ടാം സ്ഥാനവും നേടി . ഗഫൂര്‍ എം.കെ കവിതയും മുഖ്സിത്ത് , ഹശീബ് എന്നിവര്‍ ദേശഭക്തി ഗാനവും ആലപിച്ചു  . അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനര്‍ ഖലീല്‍ റഹ്മാന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഗിരീഷ്‌ വയനാട് നന്ദിയും പറഞ്ഞു.