വനിതാ വേദി കുവൈറ്റ്‌ അണിയിച്ചൊരുക്കിയ വാർഷിക ആഘോഷ പരിപടിയായ നീലാംബരി 2019 അരങ്ങേറി

neelambari

കുവൈറ്റ് സിറ്റി: വനിതാ വേദി കുവൈറ്റ്‌ അണിയിച്ചൊരുക്കിയ വാർഷിക ആഘോഷ പരിപടിയായ നീലാംബരി 2019 വർണ്ണാഭമായ പരിപാടികളോടെ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ അരങ്ങേറി. സ്വാഗതഗാനത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം, സാംസ്ക്കാരിക പ്രവർത്തകയും മലയാളം മിഷൻ ഡയറക്ടറുമായ പ്രൊഫസർ സുജ സൂസൻ ജോർജ്, ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ മതേതരത്വം സംരക്ഷിക്കപ്പെടുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും, അത് കൊണ്ട് തന്നെ വനിതാവേദി പോലുള്ള മതേതര സംഘങ്ങളുടെ പ്രസക്തി ഇക്കാലത്ത് വർദ്ധിച്ചിരിക്കുകയാണെന്നും പ്രൊഫസർ സുജ സൂസൻ ജോർജ് പറഞ്ഞു. ഇന്ത്യൻ എംബസ്സി സെക്കന്റ്‌ സെക്രട്ടറി രൺവീർ ഭാരതി സന്നിഹിതനായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി കുവൈറ്റ്‌ സ്ഥാപകാംഗം ഷാർലറ്റ് ആൽബെർട്ടിനുള്ള ഉപഹാരം പ്രൊഫസ്സർ സുജ സൂസൻ ജോർജ് നൽകി. കല കുവൈറ്റ്‌ സെക്രട്ടറി ടി.കെ സൈജു, കല കുവൈറ്റ്‌ പ്രസിഡന്റും വനിതാവേദി കുവൈറ്റ്‌ ഉപദേശക സമിതി അംഗവുമായ ടി .വി ഹിക്മത്, ബാലവേദി കുവൈറ്റ്‌ പ്രതിനിധി മാർവെൽ ജറാൾഡ്, വനിതാവേദി കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം പ്രസന്ന രാമഭദ്രൻ എന്നിവർ സംസാരിച്ചു. വനിതാവേദി കുവൈറ്റ്‌ പ്രസിഡന്റ് രമ അജിത് അധ്യക്ഷത വഹിച്ച സാംസ്കാരിക സംമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഷെറിൻ ഷാജു സ്വാഗതവും പ്രോഗ്രാം കൺവീനർ ടോളി പ്രകാശ് നന്ദിയും പറഞ്ഞു. ട്രഷറർ വൽസ സാം സോവനീർ കൺവീനർ സജിത സ്കറിയ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും വയലിനിസ്റ്റുമായ രൂപ രേവതിയുടെയും കീബോര്ഡിസ്റ് സുമേഷ് ആനന്ദിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യ സംഗീതാസ്വാദകർക്ക് ഹൃദ്യമായ ഒരു അനുഭവമായി മാറി. വിവിധ കലാ പരിപാടികൾ, തിരുവാതിരക്കളി മത്സരം, സ്ത്രീശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സംഘനൃത്ത മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. സംഘ നൃത്തമത്സരത്തിൽ തപസ്യ, ലാസ്യ സ്കൂൾ ഓഫ് ഡാൻസ്, പ്രണവം നാട്ട്യഗൃഹം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി, തിരുവാതിരക്കളി മത്സരത്തിൽ ഫഹാഹീൽ, അബുഹലീഫ, അബ്ബാസിയ എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.