Film: Touch Me Not (2018)

touch-me-not-_main

Touch Me Not (2018)
Romania

എല്ലാവർക്കമുള്ള സിനിമയല്ല, റൊമാനിയൻ സിനിമയായ “ടച്ച് മീ നോട്ട്”. ബർലിനിൽ കഴിഞ്ഞ വർഷം ‘ഗോൾഡൻ ബിയർ’ പുരസ്കാരം നേടിയതാണ് ഈ സിനിമയെ ലോക ശ്രദ്ധയിൽ എത്തിച്ചത്. യൂറോപ്പിലെ ആർട്ട് ഹൗസുകളിൽ നിന്ന് പുറത്തിറങ്ങുന്ന നിരവധി ഡോക്യൂഫിക്ഷനുകളിൽ ഒന്നായിമാത്രം തീരേണ്ടിയിരുന്നുവെന്ന് കരുതുന്ന  സിനിമ പുരസ്കാരിതമാവാൻ മാത്രം എന്താണുള്ളത് എന്ന വിവാദവും സിനിമക്കൊപ്പമുണ്ടായി. ഡോക്യുമെൻററി സംവിധായികയായ അഡിന പിന്റലിയയുടെ ആദ്യ സിനിമയാണ് ടച്ച് മീ നോട്ട്, ഏഴുവർഷത്തോളം നീണ്ട പരിശ്രമം സിനിമക്ക് പിന്നിലുണ്ടത്രെ.

ലൈംഗികത, ആകർഷണം, അനുഭവം, അടുപ്പം, സ്പർശം, ഉത്തേജനം, ശരീരം, സൗന്ദര്യസങ്കല്പം എന്നിങ്ങനെ പരസ്പര ബന്ധിതമായ വിഷയങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഈ സിനിമ. ഇതൊക്കെ തന്നെ വ്യക്തിതലത്തിലെ അനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച്, കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ഓരോ വ്യക്തിയിലും വ്യത്യസ്ഥമാവും എന്നതുകൊണ്ട് തന്നെ സിനിമ നൽകുന്ന സംതൃപ്തിയും ആസ്വാദനവും മാറിപ്പോയേക്കും. നമ്മൾ മനസ്സിലാക്കിവെച്ചിട്ടുള്ള അപര ശരീരത്തിന്റെ സാധ്യതകൾ എന്നത് വളരെ കണ്ടീഷൻഡ് ആയ ഉപരിപ്ലവമായ ഒന്ന് മാത്രമാണെന്നും ഓരോ അപരശരീരവും സ്വയം ഒരു ലോകമാണെന്നും സ്പർശത്തിന്റെ ഏറ്റവും ഏകാഗ്രമായ അനുഭവത്തിലൂടെ അത് അപര വ്യക്തിത്വത്തിന്റെ ഉള്ള് തൊടുമെന്നും ആന്തരികമായി ഉത്തേജിപ്പിക്കുമെന്നും കരുതുന്ന ടച്ച് തെറാപ്പി ഇതിൽ വരുന്നു. സമാനമായ ഇത്തരം നിരവധി ആശയങ്ങളെ സമന്വയിപ്പിച്ച ഒരു പ്ലോട്ടിനുള്ളിലേക്ക് സിനിമക്കു പുറത്തുനിന്നും സംവിധായക അകത്തുവരുന്നുണ്ട്. അനുഭവങ്ങളെ സിനിമക്ക് പുറത്തുനിന്ന് പ്ലോട്ടിനുള്ളിൽ ക്രമീകരിക്കുമ്പോഴുള്ള അനുഭവമല്ല പ്ലോട്ടിനുള്ളിൽ നിന്ന് കാണൽ. മുഖ്യകഥാപാത്രമായ ലാറ നിരന്തരം ക്യാമറയെ അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരം ദുർഗ്രഹമായ കുഴമറിച്ചുലുകൾ സിനിമ പറയുന്നത് ഏറെ ഗഹനമായ ഒന്നാണെന്ന തോന്നൽ ജനിപ്പിക്കുമെങ്കിലും മറ്റൊരു ആലോചനയിൽ ഇതെല്ലം സിനിമയിൽ ആവിഷ്ക്കരിച്ചു കഴിഞ്ഞിട്ടുമുണ്ട്. ലാർസ് വോൺ ട്രയറിന്റെ “Melancholia” ഗാസ്പർ നോവിന്റെ “Love” ഒക്കെ സമാന വിഷയങ്ങളെ ആവിഷ്ക്കരിച്ചത് നമുക്കോർമ്മ വരാനിടയുണ്ട്.

touchmenot 1

മധ്യവയസ്കയായ ലാറ വൈകാരികമായ അന്ത:ക്ഷോഭങ്ങളിലൂടെ കടന്നുപോകുന്നതാണ് ഇതിവൃത്തം. മുമ്പുണ്ടായ അനുഭവങ്ങളുടെ തുടർച്ചയെന്നോണം അപരന്റെ സ്പർശം അവർ ഇഷ്ടപ്പെടുന്നില്ല. തന്റെ ലൈംഗിക ചോദനകളെ തൃപ്തിപ്പെടുത്തുന്നതിനായി പലതരം പരീക്ഷണങ്ങൾക്ക് അവർ മുതിരുന്നു. പണം നൽകി വിളിച്ചുവരുത്തുന്ന യുവാവ്, മധ്യവയസ്സ് കഴിഞ്ഞ ക്ലാസിക്കൽ സംഗീതകാരനായ ട്രാൻസ്‌ജെൻഡർ വ്യക്തിത്വം, ബോൻഡേജ്‌ പോലുള്ള ലൈംഗിക വൈവിധ്യങ്ങളുടെ വൈകൃതാനുഭവങ്ങൾ ആവിഷ്ക്കരിക്കുന്ന മനുഷ്യൻ എന്നിങ്ങനെ പരസ്പരം സ്പർശിക്കാനാവാതെ ഒരു മുഖാമുഖത്തോളം അടുത്തുനിൽക്കുന്ന പരസ്പരഭാഷണങ്ങളിലൂടെ കുറെ വിഷയങ്ങൾ മുന്നോട്ട് വെക്കുന്നു. ലൈംഗികതയുടെ അനുഭവങ്ങളെ നിങ്ങൾ ആന്തരികമായി സത്യസന്ധമായി ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്നെണ്ടെങ്കിൽ മാത്രമേ നിങ്ങൾക്കുള്ളിൽ കുരുങ്ങിക്കിടക്കുന്ന യഥാർത്ഥമായ നിങ്ങളെ കണ്ടെത്താനാവൂ എന്ന തരത്തിലുള്ള കാഴ്ച്ചപ്പാടുകളൊക്കെ ഈ സീക്വൻസിൽ അവതരിപ്പിക്കുന്നു. ശരീരത്തിനുള്ളിൽ കുരുങ്ങിപ്പോയ ഭിന്ന ലൈംഗികസ്വത്വത്തെക്കുറിച്ചുള്ള ആധി ഈ സിനിമയും പങ്കുവെക്കുന്നുണ്ട്. നന്മ, തിന്മ, പാപം, സത്യസന്ധമായ അനുഭവം ഒക്കെ ഇവിടെ അന്വേഷണ വിഷയമാകുന്നുണ്ട്.

സമാന്തരമായി സിനിമ സഞ്ചരിക്കുന്നത് ലാറ പതിവായി സന്ദർശിക്കുന്ന ഒരു അത്യാധുനിക ആശുപത്രിയിലൂടെയാണ്. ശയ്യാവലംബനായ വൃദ്ധപിതാവിനെ സന്ദർശിക്കുന്ന ലാറ സ്വകാര്യമായി ആശുപത്രിയിലെ ടച്ച് തെറാപ്പി സെഷനുകൾ ശ്രദ്ധിക്കുന്നു. ശരീരമാസകലം തളർന്ന തിളങ്ങുന്ന കണ്ണുകളുള്ള പല്ലുകൾ പൊങ്ങി തുപ്പലൊലിക്കുന്ന മുഖമുള്ള ക്രിസ്ത്യന്റെ മുഖം സ്പർശിക്കാനാണ് യുവാവായ തോമസിനോട് ആവശ്യപ്പെടുന്നത്. നമ്മുടെ ശരീരസങ്കല്പങ്ങൾക്കു പുറത്തുള്ള, ഭിന്നശേഷിയുള്ള ശരീരത്തിനോടുള്ള വിമുഖത, തന്റെ ഉള്ളിലുള്ള കെട്ടുപാടുകൾ അഴിയാതെ തോമസിനെ വിഷമിപ്പിക്കുന്നു. തോമസിന്റെ ഉള്ളിലുള്ള വൈമനസ്യം ക്രിസ്ത്യന് തിരിച്ചറിയാനാവുന്നുണ്ട്. നിരന്തരമായ സെഷനുകൾ, എങ്ങനെയാണ് ക്രിസ്ത്യന്റെ അത്തരമൊരു ശരീരം തന്റെ പ്രവർത്തനക്ഷമമായ ലൈംഗികതയെ തിരിച്ചറിയുന്നതും പ്രതികരിക്കുന്നതും എന്ന് മനസ്സിലാക്കുന്ന തരത്തിലേക്ക് വികസിക്കുന്നുണ്ട്. ബന്ധങ്ങളിൽ രൂപപ്പെട്ടുവരുന്ന ഇന്റിമസിയെ പഠനവിധേയമാക്കുന്നു. സംസാരത്തിനും ഭാഷക്കും മുന്നേ മനുഷ്യൻ പ്രാഥമികമായി സംവദിച്ച സ്പർശം എന്ന വൈകാരിക പ്രക്രിയ എത്രമാത്രം ജീവിതത്തിൽ നിന്നും പുറന്തള്ളപ്പെട്ടിരിക്കുന്നു എന്നൊക്കെ ഇതിൽ അന്വേഷിക്കുന്നു. നാം അദൃശ്യമായി നമുക്കും ചുറ്റും പണിതുവെച്ചിരിക്കുന്ന ഒരു മതിൽ പുറത്തുള്ള ഒന്നും തന്നിലേക്ക് അമിതമായി കയറിവരാതിരിക്കാൻ ആണെന്നാണ് കരുതപ്പെട്ടത്, എന്നാൽ തന്റെ ഉള്ളിലുള്ളത് പുറത്തേക്ക് വെളിപ്പെടാതിരിക്കാനുള്ള ഒരു മറ മാത്രമാണത്. ഒരു പക്ഷെ അഡിന മുന്നോട്ട് വെക്കുന്ന വിഷയങ്ങൾ എക്കാലവും ചർച്ചാവിഷയമായിട്ടുള്ളതാണ്, സെക്ഷ്വൽ ലിബറേഷന്റെ ഒരു തുറന്നവഴിയായി അവതരിപ്പിക്കുന്ന ക്ലബ് സീനുകളൊക്കെ തന്നെ സിനിമയുടെ ആഴക്കുറവും യൂറോപ്യൻ ആശയലോകത്തിന്റെ ദാരിദ്ര്യവുമാണ് പ്രതിഫലിപ്പിക്കുന്നത്.

touchmenot 2

എന്തുകൊണ്ട് ലാറക്ക് മറ്റുള്ളവരുമായി സ്പർശം സാധ്യമാവുന്നില്ല എന്നതിന് കാരണങ്ങൾ വ്യക്തതയോടെ പറയുന്നില്ലെങ്കിലും, ആശുപത്രിക്കിടക്കയിൽ വൃദ്ധനായ അച്ഛന്റെ നെഞ്ചിലേക്ക് വലിച്ചെറിയുന്ന ബോട്ടിൽ ചില സൂചകങ്ങൾ തരുന്നുണ്ട്. അനുഭവത്തിന്റെ ഏറ്റവും തീഷ്ണമായ ശരീര സാധ്യതകളെ തനിക്ക് അപ്രാപ്യമാക്കിയ ഒന്നിനോടുള്ള പ്രതിഷേധമാവാം അത്. അനാവശ്യമായ നിരവധി സബ്പ്ലോട്ടുകൾക്കൊടുവിൽ തോമസിനൊപ്പം ഒരുമിച്ച് കിടന്ന് പഴയ താരാട്ടു പാട്ടുകൾ ലാറ ഓർത്തെടുക്കുന്നുണ്ട്. പ്രമേയത്തിന്റെ പ്രത്യേകതയും ഒരുപക്ഷെ വിവിധങ്ങളായ വിഷയങ്ങളുടെ സാധ്യതകളെ തുറന്നിടുന്നു എന്നതുമാവാം ഈ സിനിമ പുരസ്‌കാരിതമാവാനുള്ള ഒരു കാരണം. ആശയങ്ങളുടെ ആഴക്കുറവും സങ്കീർണ്ണതയും ക്ഷമാപൂർവ്വമായ കാഴ്ച ആവശ്യപ്പെടുന്നുണ്ട്.

ന്യൂഡിറ്റി എന്നത് സൂക്ഷ്മമായി ചിത്രീകരിക്കാനും, പോൺ വിഷ്വലുകളുടെ അതിപ്രസരം കൊണ്ട് താറുമാറായ ശരീരചിത്രങ്ങളുടെ ദൃശ്യഭാഷ്യങ്ങൾക്കിടയിൽ ഉടലുകളുടെ ഒരു പുതിയ ആഖ്യാനത്തിനു ശ്രമിക്കാനും ഈ സിനിമ വിജയിക്കുമെന്ന് ഉറപ്പില്ലാതെ ശ്രമിച്ചിട്ടുണ്ട്. ഒരേസമയം ഡോക്യുമെന്ററിയും ഫിക്ഷനും റിയാലിറ്റിയും ഇടകലരുന്ന ആഖ്യാനത്തിനായി വെളുത്ത ബാക്ക്ഗ്രൗണ്ടിൽ ഒരൊറ്റ കളർ പാറ്റേണാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഈയ്യിടെ സംഭാഷണത്തിനിടയിൽ സംവിധായകൻ എം.പി.സുകുമാരൻ നായർ മുമ്പ് കിഴക്കൻ യൂറോപ്പിൽ നിന്ന് വരുന്ന സിനിമകളിൽ ഫ്രണ്ടൽ ന്യുഡിറ്റി ഒക്കെ എത്ര ഭംഗിയായാണ് ചെയ്തിരിന്നത് എന്ന് പറഞ്ഞത് ഓർമ്മ വരുന്നു. നിങ്ങൾ ഇതുവരെ പറഞ്ഞ സിനിമയിൽ മുഖം മാത്രമായിരുന്നു അനുഭവങ്ങളുടെ സംവേദനക്ഷമമായ ഇടം, ഈ സിനിമ വളരെക്കുറച്ചു മാത്രം പറഞ്ഞിട്ടുള്ള ബാക്കിവരുന്ന ശരീരത്തെക്കുറിച്ചും അതിന്റെ അനുഭവലോകത്തെക്കുറിച്ചുമാണ് പറയാൻ ശ്രമിക്കുന്നത്. അത് ശരിയായി പറഞ്ഞില്ല എന്ന തോന്നൽ മാത്രമാണ് ബാക്കിയാവുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമയേക്കുറിച്ചുള്ള ആലോചനകളും എളുപ്പമാവില്ല.