പേരൻപ് – Compassion to Resurrection

Peranbu_poster

പേരൻപ് – Compassion to Resurrection

പേരന്പിനെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യാത്തവരായി ആരും തന്നെയില്ല. അതൊക്കെ തന്നെ പിന്നെയും ആവർത്തിക്കേണ്ടതില്ല എന്നുതോന്നുന്നു. എല്ലാവരും ഒരു പക്ഷെ പറഞ്ഞത് പേരന്പിലെ Compassion ക്കുറിച്ചാണ് എന്നു തോന്നുന്നു. സിനിമയിലെ പോസ്റ്ററിൽ പേരൻപിന് താഴെ ഒരു സബ് ടൈറ്റിൽ പോലെ കൊടുത്തിട്ടുണ്ട് Resurrection എന്ന്. കുരിശുപീഡയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിനെ ഓർമ്മിപ്പിക്കുന്ന ‘പുനരുത്ഥാനം’ എന്നു വായിക്കാം.

എന്താവും ഈ സിനിമ ഇന്ത്യയ്ക്ക് വെളിയിൽ Compassion എന്നതിൽ നിന്നും Resurrection എന്ന പേര് സ്വീകരിക്കാൻ ഇടയാക്കിയിരിക്കുക എന്നത് തമിഴ് സിനിമയിൽ, (മലയാളത്തിലും) വളരെ പ്രബലമായി ഇപ്പോഴും നിലനിൽക്കുന്ന സിനിമാസ്വാദനത്തിന്റെ വൈകാരിക പരിസരത്തെ ആദ്യത്തെ നാമകരണം അഭിമുഖീകരിക്കുന്നു എന്നതുകൊണ്ടാവും. അത്രത്തോളം വൈകാരികമായി ഈ സിനിമ ജനമനസ്സുകളെ സ്വാധീനിച്ചു എന്നത് നാമകരണത്തിന്റെ സാധുതകളെ ശരിവെക്കുന്നുണ്ട്. അന്യദേശങ്ങൾ ഇന്ത്യയിൽ നിന്നുള്ള സിനിമകളിലെ വൈകാരിക പ്രകടനങ്ങൾക്ക് എത്രത്തോളം ശ്രദ്ധ നൽകും എന്ന ആശങ്കയാവാം, സിനിമയുടെ മറ്റൊരു തലത്തെ, അതിജീവനത്തിന്റെ ലിംഗരാഷ്ട്രീയത്തിന്റെ പ്രതിനിധാനങ്ങളെ മുന്നിൽ നിർത്തുന്ന Resurrection എന്ന മറ്റൊരു പേരിലേക്ക് എത്താൻ കാരണം. അതുകൊണ്ട് തന്നെ കൃത്യമായ മുന്നൊരുക്കങ്ങളോടെ ഒരു യൂണിവേഴ്‌സൽ ഫോർമാറ്റ് അവലംബിച്ച് ഓരോ ഫ്രൈയിം പോലും വളരെ ആലോചിച്ചാണ് ഈ സിനിമ സെറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകും. പശ്ചാത്തലസംഗീതം പോലും തുർക്കിഷ് സിനിമയെയൊക്കെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് ചെയ്തതെന്ന് തോന്നാം.

ഒരു അച്ഛനും ശാരീരിക മാനസിക വെല്ലുവിളികൾ അനുഭവിക്കുന്ന കൗമാരക്കാരിയായ മകളും നേരിടുന്ന ജീവത്തായ പ്രശ്നങ്ങൾക്കൊപ്പം ഉടലിന്റെ രാഷ്ട്രീയത്തെ പ്രധാനപ്രമേയവുമായി സന്നിവേശിപ്പിക്കുന്നുണ്ട് എന്നതാണ് ഈ സിനിമയുടെ പ്രാധാന്യങ്ങളിൽ ഒന്ന്. അത് ഒരു ട്രാൻസ് ജെൻഡർ കഥാപാത്രം കേന്ദ്ര പ്രമേയത്തിലെ മുഖ്യകഥാപാത്രമായി വരുന്നു എന്നതുകൊണ്ട് മാത്രമല്ല. വളരെ ഗോപ്യമായി ഉള്ളടങ്ങിയ ഉടലിന്റെ രാഷ്ട്രീയ വിചാരങ്ങൾ പലതരത്തിൽ പറയാൻ ശ്രമിക്കുന്നു എന്നതിനാലാണ്. സദാചാരവിചാരബോധത്തിന്റെ, സർവ്വഗുണ നായകത്വത്തിന്റെ സങ്കീർണ്ണതകളെ മറികടക്കാനുള്ള ഈ ശ്രമങ്ങൾ നിങ്ങൾക്കെത്രമാത്രം ഷോക്കിങ്ങ് ആണ് എന്ന പരീക്ഷണം കൂടിയാണത്.

peranpu 2

സിനിമയിലെ ഒരു സബ്പ്ലോട്ടിൽ അച്ഛനും മകൾക്കുമിടയിലേക്ക് ഒറ്റപ്പെട്ട വീട്ടിലേക്ക് ബോധപൂർവം കടന്നുവരുന്ന ആ സ്ത്രീക്ക് വരവിന് ഒരു ഉദ്ദേശമുണ്ട്. റിയൽ എസ്‌റ്റേറ്റ് മാഫിയകൾ ഭീഷണിപെടുത്തി അയക്കുന്ന യുവതിയായ ആ വീട്ടമ്മ സാമ്പ്രദായിക സിനിമയിലെ സദാചാരബന്ധിതമായ കുടുംബത്തിന്റെ പ്രതിനിധാനമാണ്. തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മറ്റൊരാൾക്കൊപ്പം ലൈംഗികജീവിതം നയിക്കാനും വ്യാജമായി കല്യാണം കഴിക്കാനും വരെ ഈ കുടുംബിനി തയ്യാറാണ്. ഗതികേടുകൊണ്ടാണെങ്കിലും നമുക്ക് അങ്ങനെ ചെയ്യണ്ട, മരിച്ചു കളയാം എന്ന് യുവാവായ അവളുടെ ഭർത്താവ് പറയുന്നില്ല, അല്ലെങ്കിൽ സിനിമയിലില്ല. എന്തുകൊണ്ടാവും നമ്മൾ മുന്പുകണ്ടിട്ടുള്ളത് പോലെ അസാന്മാർഗിക ജീവിതം നയിക്കുന്നതെന്ന് കരുതുന്ന ഏതോ ഒരു യുവതിയെ വശീകരണത്തിനായി അവതരിപ്പിക്കാതെ കുടുംബിനിയായ ഒരു യുവതിയെ അത്ര രൂപഭദ്രമല്ലാത്ത വിധം പ്ലോട്ടിൽ ഇടപെടുത്തുന്നത് എന്നതിന് കൃത്യമായ ഉദ്ദേശമുണ്ടെന്നു കരുതേണ്ടിവരും. അതിജീവനം അടിസ്ഥാനപ്രശ്നമാകുകയും ഉടൽ എന്നത് ഇവിടെ അപ്രധാനമാകുകയും ചെയ്യുന്നുണ്ട്. മനുഷ്യന്റെ അടിസ്ഥാന മൂല്യസങ്കല്പങ്ങളെക്കൂടി തിരസ്കരിച്ച് ഒന്നു പ്രതിരോധിക്കാൻ പോലുമാവാതെ അപഹാസ്യമായ കീഴ്പ്പെടലിന്റെ ആഘാതത്തിലേക്ക് എത്തിച്ചേർന്നുനിൽക്കുന്ന സഹജീവികളുടെ അവസ്ഥയെ പ്രതിനിധീകരിക്കുന്നുവെന്നതും ചേർത്തുവായിക്കേണ്ടതുണ്ട്. മുന്നോട്ടുള്ള കുടുംബജീവിതത്തിന് ഉടലും ഉടലിൽ ഏൽക്കുന്നതെന്ന് കരുതപ്പെടുന്ന കളങ്കം പോലുള്ള അതിന്റെ സാങ്കൽപ്പിക സദാചാര വിചാരങ്ങളും തടസ്സമാവുന്നില്ല എന്നത് സിനിമയിൽ ഇപ്പോഴും തുടരുന്ന നടപ്പുരീതികൾക്ക് എതിരാണ്.

സിനിമയിലുടനീളം ഇത്തരം ഷോക്കിങ്ങ് എലമെന്റുകളുടെ സാധ്യത അന്വേഷിക്കുന്നുണ്ട്. സ്പാസ്റ്റിക് സെറിബ്രൽ പാൽസി ബാധിച്ച പെൺകുട്ടിയെയാണ് ടീനേജ് പ്രായത്തിൽ അച്ഛനൊപ്പം ഉപേക്ഷിച്ച് അമ്മ മറ്റൊരാൾക്കൊപ്പം പോകുന്നത്. കമിങ് ഓഫ് ഏജ്‌ പ്രായത്തിലെ ശാരീരിക മാറ്റങ്ങളും ലൈംഗിക ചോദനകളും സമപ്രായക്കാരുമായുള്ള അടുപ്പമില്ലായ്‌മയും രോഗത്തിന്റെ ആകുലതകളും ബുദ്ധിവളർച്ചയുമെല്ലാം ഏറെ സങ്കീർണ്ണമാകുന്ന സന്ദർഭത്തിലാണ് ഈ ഉപേക്ഷിക്കൽ. മകളുടെ ഉടൽ, അവളുടെ ലൈംഗികത എന്ന ടാബൂ സബ്ജക്ട് തന്നെ മുഖ്യപ്രമേയമാക്കിയ മെയിൻ സ്ട്രീം സിനിമ തെരെഞ്ഞെടുപ്പ് എന്നതുതന്നെ കുറച്ചുകാലം മുമ്പ് വരെ ആരെങ്കിലും ധൈര്യപ്പെടുന്ന ഒന്നല്ല. ഇത് ഇക്കാലയളവിൽ ഉണ്ടായിട്ടുള്ള വലിയ തോതിലുള്ള ലൈംഗിക സ്വത്വവിചാരത്തിന്റെ തുടർച്ചയാണ്. അറിയാതെയെങ്കിലും അവളുടെ ശരീരം ആവശ്യപ്പെടുന്ന ലൈംഗികത പരിഗണിക്കപ്പെടേണ്ടതാണെന്ന ഒരു തുറന്ന വിചാരത്തിലേക്ക് ആ അച്ഛനെ എത്തിക്കുന്നത് ഉടലിനെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്താലാണ്.

ഈ വർഷത്തെ ഗോൾഡൻ ബിയർ നേടിയ റൊമാനിയൻ സിനിമ “ടച്ച് മീ നോട്ട്” മറ്റൊരു രീതിയിലെങ്കിലും ശരീരം തളർന്ന ഒരു മനുഷ്യന്റെ ലൈംഗിക ചോദനകളെ ആ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. മകളെ  എങ്ങനെ സംരക്ഷിക്കും എന്നതിനപ്പുറം ആ അച്ഛനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത് പരസഹായമില്ലാതെ, കൂടെ സ്ത്രീകളില്ലാതെ വളർന്നുവരുന്ന അവളുടെ  ഉടലിന്റെ ചോദനകളെ എങ്ങനെ അഭിമുഖീകരിക്കും എന്നതാണ്. ഒരുപക്ഷെ അവളെ കൊന്നുകളയാൻ വരെ ശ്രമിക്കുന്ന അയാളെ അതിൽനിന്നു പിന്തിരിപ്പിക്കുന്നത് ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയാണ്. ഉടലിനെ, ലൈംഗികതയെ സത്യസന്ധമായി അഭിമുഖീകരിക്കുകയും വെല്ലുവിളിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക്  സാധ്യമാവുന്ന ഒന്ന്.  പതറിപ്പോകുന്ന സർവ്വഗുണ നായകനെ ജീവിതത്തിലേക്ക് തെളിച്ചുകൊണ്ടുപോകുന്നത് ഈ പുതിയ ലോകവീക്ഷണത്തിന്റെ സാധ്യതകളാണ്. ഉടൽ ഒരു ഭാരമല്ലാതാവുകയും അതിനുള്ളിലെ സുന്ദരനായ / സുന്ദരിയായ മനുഷ്യൻ കൂടുതൽ തെളിമയോടെ മുന്നിലേക്ക് വരികയും ചെയ്യുന്നതോടെ അയാൾ ഒരു പുതിയ മനുഷ്യനായി ഉയിർത്തെഴുന്നേൽക്കുക തന്നെയാണ്. ഒപ്പം വൈവിധ്യങ്ങളെ ചേർത്തു പിടിക്കാനാവുന്ന ഒരു പുതിയ ആശയലോകവും പ്രത്യക്ഷമാവുന്നു.