ഒരിക്കലും കീഴടങ്ങാത്തവർ

hiroo_onoda_3

രണ്ടാ ലോകമഹായുദ്ധത്തിനൊടുവിൽ ശക്തിക്ഷയിച്ചുപോയ ജപ്പാൻ അനിവാര്യമായ പരാജയം മുന്നിൽക്കണ്ടു. ഏഷ്യാ പസഫിക്കിൽ ഉടനീളം വർഷങ്ങളായുള്ള സൈനികവിന്യാസത്തിന്റെ  ഭാഗമായി ജപ്പാൻ പട്ടാളം ചിതറികിടക്കുകയായിരുന്നു. 1944 ലാണ് ജപ്പാൻ ഇമ്പിരിയൽ സേനയിലെ സെക്കന്റ് ലെഫ്റ്റനന്റ് ഹീരോ ഒന്നുദ യും ചെറിയൊരു സംഘവും ഫിലിപ്പൈൻസിൽ ലുബാങ് എന്ന ചെറിയ ദ്വീപിൽ നിയോഗിക്കപ്പെടുന്നത്. അവർക്കു കിട്ടിയ നിർദ്ദേശം ഏതുവിധേനയും മുന്നേറിവരുന്ന അമേരിക്കൻ സഖ്യസേനയെ പരമാവധി പ്രതിരോധിക്കുക, മുന്നേറ്റം വൈകിപ്പിക്കുക. നിർദ്ദേശം നൽകിയ കമ്മാൻഡർക്കും ഒന്നുദക്കും അറിയാമായിരുന്നു ഇതൊരു ആത്മഹത്യാപരമായ നടപടി മാത്രമാണെന്ന്.

1945 ഫെബ്രവരിയിൽ സഖ്യസേന ലുബാങ് കീഴടക്കി. ജപ്പാൻ പട്ടാളക്കാരൊക്കെ കീഴടങ്ങുകയോ കൊല്ലപ്പെടുകയോ ചെയ്തു. നിവൃത്തിയില്ലാതെ ഒന്നുദയും സംഘവും (ബാക്കി വന്ന രണ്ടു മൂന്നു പേരും) ഗറില്ലാ യുദ്ധമുറയിലേക്ക് മാറി പോരാട്ടം തുടർന്നു. എതിരാളികളുടെ സപ്ലൈ ചെയിൻ ആക്രമിക്കുക, അവർക്കൊപ്പം നിൽക്കുന്ന തദ്ദേശവാസികളെ, ഒറ്റപ്പെട്ട പട്ടാളക്കാരെ ഒക്കെ ഈ സംഘം അവരെക്കൊണ്ട് കഴിയാവുന്ന പോലെ തുടർന്നും ആക്രമിച്ചു. അതേവർഷം ആഗസ്റ്റിൽ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ച് ജപ്പാനെ ഇല്ലാതാക്കി. ജപ്പാന്റെ തോൽവിയോടെ യുദ്ധം അവസാനിച്ചു. പക്ഷെ ഏഷ്യാ പസിഫിക്കിലെ പ്രവിശ്യകളിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് ജപ്പാൻ പട്ടാള സംഘങ്ങൾ പലതും യുദ്ധം തീർന്നതറിയാതെ പൊരുതിക്കൊണ്ടിരുന്നു.

കാട്ടിൽ മറഞ്ഞിരുന്ന് ഒന്നുദയെപ്പോലെ ഗറില്ലാ യുദ്ധം ചെയ്ത സൈനികർ യുദ്ധാനന്തര പുനർനിർമ്മാണത്തിന് തടസ്സമായിത്തത്തീർന്നു. ജപ്പാൻ ഗവണ്മെന്റിന്റെ സഹകരണത്തോടെ അമേരിക്കൻ സേന ആയിരക്കണക്കിന് ലീഫ്‌ലെറ്റുകൾ കാടുകളിൽ വിതറി, യുദ്ധം അവസാനിച്ച വിവരം അറിയിച്ചു. മറഞ്ഞിരുന്ന പലരും പുറത്തുവന്ന് നാട്ടിലേക്ക് മടങ്ങി. ഇത് അമേരിക്കൻ തന്ത്രമാണെന്നും യുദ്ധം അവസാനിച്ചിട്ടില്ലെന്നും കരുതി ഒന്നുദയും കൂട്ടുകാരും പോരാട്ടം തുടർന്നു. ലീഫ്‌ലെറ്റുകൾ കത്തിച്ച് അവർ കാട്ടിൽ ഒളിവുജീവിതം തുടർന്നു.

അഞ്ചുവർഷത്തോളം കഴിഞ്ഞു അമേരിക്കൻ പട്ടാളം മടങ്ങി. തദ്ദേശവാസികളുടെ കൃഷിയിടങ്ങൾക്ക് തീയിടുക, കന്നുകാലികളെ മോഷ്ടിക്കുക, കാട്ടിലേക്ക് കടന്നുചെല്ലാൻ ശ്രമിക്കുന്നവരെ വെടിവെക്കുക തുടങ്ങി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ലുബാങ് നിവാസികൾക്ക് നിത്യമായ തലവേദനയായി ഒന്നുദയും കൂട്ടരും മാറി. ഫിലിപ്പൈൻ ഭരണകൂടം പുതിയ ലഘുലേഖകൾ വിതറി അതും അവഗണിക്കപ്പെട്ടു. 1952 ൽ ജപ്പാൻ ഗവണ്മെന്റ് രാജാവിന്റെ നേരിട്ടുള്ള അഭ്യർത്‌ഥനയും സൈനികരുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങളുമായി വീണ്ടും സമീപിച്ചു. അതും വിജയിച്ചില്ല. ഇതും വ്യാജമാണെന്ന് കരുതി നിരസിക്കപ്പെട്ടു.

hiroo-sword

1959 ൽ ആക്രമണങ്ങളിൽ രോഷം കൊണ്ട തദ്ദേശവാസികൾ കിട്ടിയ അവസരത്തിൽ ഇവരെ ആക്രമിച്ചു. സംഘത്തിലെ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾ കീഴടങ്ങുകയും ചെയ്തു. ഒന്നുദയും കൂട്ടാളി കോസുക്കയും ബാക്കിയായി. നിരവധിയായ തെരെച്ചിലുകളിൽ ഇവരെ പിടികൂടാനായില്ല. പത്തുവർഷങ്ങൾക്കിപ്പുറം ലോക്കൽ പോലീസുമായുണ്ടായ ഷൂട്ട് ഔട്ടിൽ കോസുക്ക കൊല്ലപ്പെട്ടു. ഒന്നുദ എന്നിട്ടും കീഴടങ്ങിയില്ല. കോസുക്കയുടെ മരണവാർത്ത ജപ്പാനിൽ വലിയ ചർച്ചാവിഷയമായി. യുദ്ധം കഴിഞ്ഞ് കാൽനൂറ്റാണ്ടിനിപ്പുറവും ചെറുത്തു നിൽക്കുന്ന സൈനികൻ അവിടെ ഒരു ലിവിങ് ലെജൻഡ് ആയി. തന്റെ ജീവിതത്തിന്റെ പകുതിയോളം അയാൾ ലെബാങ്ങിലെ കാടുകളിൽ ഒറ്റക്ക് ജീവിച്ചു.
എല്ലാ സൈനികരും മടങ്ങിയെത്തി എന്ന് ധരിച്ചിരുന്ന ജപ്പാൻ ജനതയെ ഒന്നുദയുടെ ഒറ്റപ്പെട്ട പോരാട്ടം അസ്വസ്ഥമാക്കി. ജപ്പാനും ഫിലിപ്പൈൻ ഗവണ്മെന്റും സംയുക്തമായി കാടുകളിൽ നടത്തിയ തെരച്ചിലിലും പിടികൂടാനായില്ല. ഇതൊരു മിത്ത് മാത്രമാണെന്നും അങ്ങനെയൊരാൾ ഇല്ലെന്നും വരെ പ്രചരിപ്പിക്കപ്പെട്ടു. അന്വേഷണങ്ങൾ ഒരുവിധം അവസാനിപ്പിച്ചു.

ഇക്കാലത്താണ് അപ്പോഴേക്കും ഒരു ലെജൻഡ് ആയി മാറിയ ഒന്നുദയെക്കുറിച്ച് നോറിയോ സുസുക്കി എന്ന ചെറുപ്പക്കാരനായ സാഹസപ്രിയനായ സഞ്ചാരി കേൾക്കുന്നത്. ലോകയുദ്ധത്തിന്റെ അവസാന കാലത്ത് മാത്രം ജനിച്ച സുസുക്കിക്ക് ഇത് പുതിയ സാഹസത്തിനുള്ള താല്പര്യമായി. ഹിപ്പി ജീവിതം നയിച്ചിരുന്ന അയാൾ ഒന്നൂദയെ കണ്ടുപിടിക്കാൻ തീർച്ചപ്പെടുത്തി. അമേരിക്കൻ, ജപ്പാൻ, ഫിലിപ്പൈൻ ഗവണ്മെന്റുകളും ലോക്കൽ പോലീസും തദ്ദേശവാസികളും മുപ്പതുവർഷത്തോളം ശ്രമിച്ചിട്ടും പിടികൂടാനോ കണ്ടെത്താനോ കഴിയാത്ത മനുഷ്യനെ താൻ തിരികെ കൊണ്ടുവരുമെന്ന് അയാൾ നിശ്ചയിച്ചു. കോസുക്ക ഇത്രകാലം ജീവിച്ചത് ഒന്നുദ ഉണ്ടെന്നതിനു തെളിവായി അയാൾ കരുതി.

ആയുധങ്ങളോ പരിശീലനങ്ങളോ ഇല്ലാതെ സുസുക്കി ഒറ്റക്ക് കാടുകയറി, ഓരോ നിമിഷവും അപകടം നിറഞ്ഞ കാട്ടിൽ അയാൾ അലഞ്ഞു നടന്നു. ഒന്നുദയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞ്, ജപ്പാൻ എമ്പറർ ഒന്നുദയുടെ സ്ഥിതി അറിയാതെ വിഷമിക്കുന്നുവെന്ന് വീണ്ടും വീണ്ടും പറഞ്ഞ് അയാൾ ഒന്നുദയെ നാലാം ദിവസം ഉൾക്കാട്ടിനുള്ളിൽ കണ്ടെത്തി (ഫെബ്രവരി 1974 ൽ). അപ്പോഴേക്കും ഒരു വർഷത്തോളമായി ഒറ്റക്ക് കഴിഞ്ഞിരുന്ന ഒന്നുദ നിരായുധനായ ചെറുപ്പക്കാരനെ സ്വാഗതം ചെയ്തു. എന്താണ് പുറത്ത് നടക്കുന്നത് എന്ന് ഒരു ജാപ്പനീസ് സോഴ്സിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞത് അയാൾ വിശ്വസിച്ചു. സുസുക്കി കുറച്ചുസമയം ഒന്നൂദക്കൊപ്പം കാട്ടിൽക്കഴിഞ്ഞു. മടങ്ങിവരാൻ അയാൾ കൂട്ടാക്കിയില്ല.

നിലവില്ലാത്ത ഒരു സാമ്രാജ്യത്തിന് വേണ്ടി എന്തിനാണ് താങ്കൾ കാൽനൂറ്റാണ്ടോളം പോരാടിയത് എന്ന സുസുക്കിയുടെ ചോദ്യത്തിന് ഒന്നുദക്ക് ഒറ്റ മറുപടിയെ ഉണ്ടായിരുന്നൊള്ളു , “ഒരിക്കലും കീഴടങ്ങരുത് ” എന്നായിരുന്നു അയാൾക്ക് കിട്ടിയ ഓർഡർ. അയാൾ ഒരിക്കലും കീഴടങ്ങിയില്ല. ഒന്നുദക്കൊപ്പം നിൽക്കുന്ന ഫോട്ടോയുമായി സുസുക്കി കാട്ടിൽ നിന്ന് മടങ്ങി. അപ്പോഴേക്കും വാർദ്ധ്ക്യത്തിലെത്തി എന്തോ കച്ചവടം ചെയ്ത് ജീവിക്കുന്ന പഴയ കമ്മാണ്ടർ തിരിച്ചുവന്ന് ഒന്നുദയോട് പോരാട്ടം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ശേഷമാണ് ഒന്നുദ കാടിറങ്ങിയത്. ജപ്പാനിൽ മടങ്ങിയെത്തിയ ഒന്നുദ ഏറ്റവും വലിയ വാർ ഹീറോ ആയി വാഴ്ത്തപ്പെട്ടു. എന്തിന് വേണ്ടിയാണോ പോരാടിയത് അതിന്റെ വ്യർത്ഥതയും ഏറെ മാറിക്കഴിഞ്ഞ ജപ്പാനിന്റെ സാംസ്കാരിക മൂല്യച്യുതിയും (അയാൾ കരുതിയത് അങ്ങനെയാണ് ) അയാളെ അസ്വസ്ഥനാക്കി കൊണ്ടേയിരുന്നു. ശേഷ ജീവിതം (1980 ൽ ) അദ്ദേഹം ലാറ്റിനമേരിക്കയിൽ ജീവിച്ചു, 2014 ൽ മരിച്ചു.

ഓരോ മാവോവാദി പോരാട്ട മരണങ്ങളും ഒന്നുദയുടെ ഒറ്റക്കുള്ള പോരാട്ടങ്ങളെ ഓർമ്മിപ്പിക്കും, ഓർഡർ നൽകി എങ്ങോ പോയി മറന്നുപോയ ഒരു കമ്മാണ്ടറെ ഓർമ്മിപ്പിക്കും ,, കാട്ടിൽ കയറി അവരെ തിരികെ കൊണ്ടുവരുന്ന, വരാനിരിക്കുന്ന യുവ സഞ്ചാരികളെ സ്വപ്നം കാണാൻ തോന്നിപ്പിക്കും !!

-മുഹമ്മദ് റിയാസ്