ഇല്ലാതായിക്കൊണ്ടേയിരിക്കുന്ന മലയാളി ബഖാലകൾ, മാറുന്ന വിപണിയും സംസ്കാരവും

Kuwait baqala 1 (1)

രണ്ടായിരത്തിന്റെ തുടക്കത്തിൽ  കുവൈത്തിലെത്തിയ കാലത്ത്, നിന്നു തിരിയാൻ ഇടമില്ലാത്ത ഒരു കൊച്ചു കടയിലെ തിരക്കും, അവിടെ ലഭ്യമല്ലാത്ത സാധനങ്ങൾ ഒന്നും തന്നെയില്ലല്ലോ  എന്ന അറിവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ലോകത്തിന്റെ ഏതു കോണിൽ നിന്നുള്ള സാധനവും ആവശ്യക്കാരുണ്ടെങ്കിൽ ആ മുറിക്കുള്ളിലോ ആ പരിസരത്തെ ഏതോ ഫ്‌ളാറ്റിനടിയിൽ  ഉള്ള അറയിൽ നിന്നോ നിമിഷനേരം കൊണ്ട് പ്രത്യക്ഷപ്പെടുമായിരുന്നു. മിക്കവാറും സഹപ്രവർത്തകർ ഒരു പറ്റുബുക്കുമായിപോയി  എഴുതിച്ചേർക്കുന്ന കണക്കുകൾ. നിരവധിയായ ചെറിയ സംഖ്യകൾ, കുബ്ബൂസും പഴവും പുഴുങ്ങിയ വെള്ള കടല ടിന്നും പോലെ ചിലത്.

കണ്ണൂരുകാരൻ കടയുടമ സലാം കണ്ണ് കൂർപ്പിക്കുന്നത് വികൃതികളായ ദരിദ്ര കുടുംബത്തിലെ ചില അറബിക്കുട്ടികൾ ഒന്നിച്ച് കയറുമ്പോഴാണ്, സാധനങ്ങൾ കളവു പോകുന്നത് സാധാരണം, പലപ്പോഴും കണ്ണടക്കുന്നതും കാണാം. മറ്റൊന്ന് ആരെങ്കിലും വന്നു ആവശ്യപ്പെടുന്ന ഏതെങ്കിലും പലവ്യഞ്ജന സാധനങ്ങൾ അവിടെ ഇല്ലായെങ്കിൽ അയാൾ ചെവി കൂർപ്പിക്കും, മിക്കവാറും അടുത്തതവണ വരുമ്പോൾ ആ സാധനം കൂടി കടയിലെ ഏതെങ്കിലും മൂലയിൽ ഉണ്ടാകും. അന്ന് ബാർകോഡൊന്നും വേണ്ടിയിരുന്നില്ല, ആവശ്യമുള്ളവ നൊടിയിടയിൽ  പ്രത്യക്ഷപ്പെടും. ഇതൊന്നുമല്ലാതെ ആളനക്കങ്ങളില്ലാതെ അസ്ഥികൂടങ്ങൾ പോലെ ഏതോ ചില ബഖാലകളും നിലനിന്നിരുന്നു, ഉടമസ്ഥൻ മാറുന്നതനുസരിച്ച് രൂപമാറ്റം വരുന്ന ഒന്ന്.

kuwait bakala 2

ആത്മവിശ്വാസവും തന്റേടവും മാത്രം കൈമുതലായി ഗൾഫിൽ എത്തി പലരും ധൈര്യത്തോടെ ചെയ്തു തുടങ്ങുന്ന പരിപാടികളിൽ ഒന്നാണ് മൂന്നുനാലുപേർ ചേർന്ന് തുടങ്ങുന്ന ബഖാലകൾ, ചെറിയ കഫറ്റേറിയകൾ എന്നിവ. തന്റെ ചുറ്റുപാടുമുള്ള കസ്റ്റമേഴ്‌സിനോടുള്ള ഇടപെടലാണ് കൈമുതൽ. ഒറ്റ ഫോൺകോളിൽ എത്ര നേരംവൈകിയാലും, എത്ര ചെറിയസാധനമായാലും മുറിയിൽ എത്തിച്ചു തരുന്നത് കസ്റ്റമർ സർവീസിന്റെ ഉദാത്തമാതൃക മാത്രമല്ല നിരന്തരം പെരുകുന്ന മറ്റു സ്ഥാപനങ്ങളുടെ കടന്നുകയറ്റത്തെ നിശബ്ദമായി ചെറുത്തുനിൽക്കുകയുമാണ്. മിക്കവാറും മുതലാളിയും തൊഴിലാളിയും ഒന്നും വ്യത്യാസങ്ങളില്ലാത്ത വിധം ഇടകലരുന്ന തൊഴിലിടം. തൊഴിൽ മനസ്സിലായാൽ മറ്റാർക്കൊപ്പമോ മുതലാളിക്കൊപ്പമോ തന്നെ പുതിയ ഒരിടത്ത് സ്വന്തമായി എന്തെങ്കിലും തുടങ്ങാമെന്ന പ്രതീക്ഷ ഒക്കെ ഇതിനൊപ്പമുണ്ടായിരുന്നു. കണക്കൂട്ടലുകളിലെ പാളിച്ചകൾ പലരെയും കടക്കെണിയിലുമെത്തിച്ചു.

മനുഷ്യർ അതിമനോഹരമായി ഇടകലരുന്ന ഒരു ഇടം കൂടിയായിരുന്നു ബഖാലകളും പരിസരവും. പലനാട്ടിലെ മനുഷ്യർ കൂട്ടിക്കലരുന്ന ഇടം. എല്ലാവരുടെയും കത്തുകൾ വരുന്ന ഇടം. കൊല്ലങ്ങളായി നാട്ടിൽ പോകാൻ കഴിയാതിരുന്ന ശ്രീലങ്കൻ യുവതിയുടെ കുസൃതിക്കലമ്പലിൽ നിന്നറിയാം അവരുടെ ആത്മബന്ധം, അവൾ വാങ്ങിക്കൊണ്ടുപോയതെല്ലാം ചിലപ്പോൾ കണക്കിൽപ്പെടുത്തിയിട്ടുമുണ്ടാവില്ല (അങ്ങനെ പലരും). തിരിച്ചുവന്നെങ്കിൽ തരാമെന്ന ഉറപ്പിൽ വാങ്ങിക്കൊണ്ടുപോയതും എത്രയേറെപ്പേർ !! കഷ്ടപ്പെടുന്ന മനുഷ്യരുടെ പകുത്തുകൊടുക്കലുകൾ പലപ്പോഴും നമ്മുടെ കണക്കുപുസ്തകങ്ങളിൽ  കാണുന്നതുപോലെയല്ല. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ നിറഞ്ഞ ഇടങ്ങളിൽ മാത്രമല്ല, അതിസമ്പന്നരായ അറബികുടുംബങ്ങളുടെ വീടുകൾക്കിടയിൽ ഏതെങ്കിലും ഒരു ബേസ്മെന്റിലും ചില ബഖാലകൾ അനധികൃതമായും പ്രവർത്തിച്ചു. പുറത്തിറങ്ങി കാര്യമായി നടക്കാനാവാതെ, ബക്കാലയിലെ മുഷിഞ്ഞ ഇരിപ്പിനിടയിൽ പുസ്തകം വായിച്ചു വായിച്ചു ജീവിച്ച ഒരു എഴുത്തുകാരനെ ഓർക്കുന്നു.

kwt bakala 3

മറ്റു ഗൾഫ്‌നാടുകൾ സൂപ്പർമാർക്കറ്റ് സംസ്കാരം ഉൾക്കൊണ്ടതിനനുസരിച്ച് പത്തുപന്ത്രണ്ടു വർഷം മുമ്പാണ് ഗൾഫിലെ മുൻ നിര ബ്രാൻഡുകൾ കുവൈത്തിൽ സൂപ്പർ മാർക്കറ്റുകൾ തുറക്കുന്നത്. ആകർഷകമായ ഓഫറുകളോടെ ഉപഭോക്താക്കളെ ആകർഷിച്ച സൂപ്പർമാർക്കറ്റുകൾ വിപണിയെ മാറ്റിമറിച്ചു. കച്ചവടം കുറഞ്ഞ് ബക്കാലകൾ ഇല്ലാതായിക്കൊണ്ടേയിരുന്നു. മാറിയ ഭക്ഷ്യ സംസ്കാരവും ശീലങ്ങളും കഫറ്റേരിയകളെയും ബാധിച്ചു. റീട്ടെയിൽ വിപണി ഏതാണ്ട് പൂർണ്ണമായും വിരലിൽ എണ്ണാവുന്ന ബ്രാൻഡുകൾ പങ്കുവെച്ചു. സ്വന്തമായി അദ്ധ്വാനിച്ച് തൊഴിൽദായകരും ചെറുകിട സംരംഭകരും ആവേണ്ടിയിരുന്ന മലയാളികൾ പല  വൻകിട സ്ഥാപനങ്ങളിലും തൊഴിലാളികൾ മാത്രമായി കുടുങ്ങിപ്പോയി. ധൈര്യം സംഭരിച്ച് തുടങ്ങിയ പലരും പാപ്പരായി.

തകർച്ചയുടെ ആഴം ഇനിയും കൂട്ടും വിധമാണ് കുവൈറ്റിലെങ്കിലും മുൻ നിര സൂപ്പർ മാർക്കറ്റ് ബ്രാൻഡുകൾ അതിന്റെ ചെറിയ ഔട്‍ലെറ്റുകളുമായി വിപണിയിൽ കൂടുതൽ ഇടപെടാൻ ഒരുങ്ങുന്നത്. ഗ്രാൻഡ് ഹൈപ്പറും ലുലു ഗ്രൂപ്പും ഇത്തരം ഔട്‍ലെറ്റുകൾ തുറന്നത് ഈ മാസത്തിലാണ്. ലോവർ മിഡിൽ ക്ലാസ് മാർക്കറ്റ് സെഗ്‌മെന്റുകളെ ലക്ഷ്യമാക്കി ഇനിയും തുടങ്ങാനിടയുള്ള പുതിയ എക്സ്‌പ്രസ് ഷോപ്പുകൾ ബാക്കിയുള്ള ബഖാലകൾ കൂടി തുടച്ചുനീക്കാൻ ഇടയാക്കും. ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുമെങ്കിൽ ഇത്തരം മാറ്റങ്ങളിൽ നിന്ന് ആർക്കും മാറിനിൽക്കുക സാധ്യമല്ല. ഒരുകാലത്ത് സജീവമായിരുന്ന യു.എ.ഇ യിലെ റീട്ടെയിൽ മേഖലയിൽ നിന്ന് കോർണ്ണർ ഷോപ്പുകൾ എന്ന് വിളിക്കാവുന്ന ബഖാലകൾ ഏതാണ്ട് പൂർണ്ണമായി ഇല്ലാതായിക്കഴിഞ്ഞു. അഞ്ചു ശതമാനം VAT ഏതാണ്ട് നിശ്ചലമാക്കിയത് പരമ്പരാഗത കച്ചവടക്കാരെയാണ്.

super market 1

ഗൾഫ് എന്ന ആശ്രയമേഖലയിലെ ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങുന്ന അവിധഗ്ദരായ മനുഷ്യരുടെ നാനാവിധമായ സാധ്യതകൾ പാടെ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. മുമ്പ് നാം എപ്പോഴും കേട്ടിരുന്ന സക്സസ് സ്റ്റോറികൾ ഇപ്പോൾ ഗൾഫിൽ നിന്നും പൊതുവെ കേൾക്കാറില്ലാതായിരിക്കുന്നു. അതിസമ്പന്നരായ ഏതാനും ചില മലയാളികൾക്കപ്പുറം വിജയങ്ങളുടെ ഒരു വേലിയേറ്റത്തിന്റെ വാർത്തകൾ എവിടെയാണ്? നിരവധിയായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സൗദി മാർക്കറ്റിലെ വാർത്തകളും ആശ്വാസകരമല്ല. ഈ നിശബ്ദവിപ്ലവം നാമറിയാതെ നിരന്തരം മാറ്റത്തിന് വിധേയവുമാണ്. യു.എ.ഇയിലെ പ്രശസ്തമായ ഒരു സൂപ്പർമാർക്കറ്റ് ചെയിൻ ഇല്ലാതായത് പൊടുന്നനെയാണ്. ഓൺലൈൻ വിപണിയുടെ വൈവിധ്യപൂർണ്ണമായ സാധ്യതകൾ വലിയ മാളുകളുടെ ലാഭസാധ്യതകളെ ബാധിച്ചു തുടങ്ങിയതായി വാർത്തകളുണ്ട്.

ധാരാളം മനുഷ്യരുടെ പ്രവാസജീവിതം ബാക്കിയാക്കിയ ഓർമ്മകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരിക്കും വിവിധ ദേശക്കാരായ മനുഷ്യർ കാലങ്ങളോളം നടത്തിപ്പോന്ന കൊച്ചുകൊച്ചു ബക്കാലകളും അതിനു ചുറ്റുമുണ്ടായിരുന്ന ജീവിതവും. വിജയിക്കാൻ സാധ്യതയില്ലാത്ത ജീവിതമാർഗ്ഗം തെരെഞ്ഞെടുത്ത് ഇങ്ങോട്ടുവരുന്ന പുത്തൻ ചെറുപ്പക്കാരനോട് ചൂണ്ടികാണിച്ചു കൊടുക്കാൻ നമുക്കിന്നു പുതിയ പുതിയ മാളുകളുണ്ട്, പ്രത്യാശ നിറഞ്ഞ മുഖങ്ങളില്ല, സഹജീവിതത്തിന്റെ ഊഷ്മളമായ സാഹചര്യങ്ങളില്ല.

-പ്രഭാകരൻ