സവാബർ കോമ്പ്ലെക്സ് പൊളിച്ചെടുക്കുമ്പോൾ

sawaber new view

കുവൈറ്റ് സിറ്റിയിലൂടെ കടന്നുപോകുമ്പോൾ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ സവാബർ കോമ്പ്ലെക്സ് ശ്രദ്ധിക്കാത്തവരുണ്ടാവില്ല. ആധുനിക കുവൈത്തിന്റെ ഒരു ലാൻഡ്മാർക്ക് എന്ന് കരുതപ്പെടുന്ന ഈ റെസിഡൻഷ്യൽ കോമ്പ്ലെക്സ് ഏറെക്കാലത്തെ നിയമതർക്കങ്ങൾക്കൊടുവിൽ പൊളിച്ചു മാറ്റാൻ തുടങ്ങിയിരിക്കുന്നു. 25 ഹെക്ടറിൽ 33 കെട്ടിടങ്ങളിലായി 528 അപ്പാർട്മെന്റുകളുള്ള ഈ ഭീമാകാരമായ കെട്ടിട സമുച്ചയം പ്രശസ്ത കനേഡിയൻ ആർക്കിടെക്ട് ആർതർ എറിക്‌സൺ 1977 ൽ തയ്യാറാക്കിയതാണ്. കുവൈത്തിലെ നാഷണൽ ഹൌസിങ് അതോറിറ്റി  (NHA) അന്നത്തെ വളർന്നു വരുന്ന കുവൈത്തി കുടുംബങ്ങളുടെ പാർപ്പിട ആവശ്യങ്ങൾ പരിഗണിച്ചാണ് നഗര ഹൃദയത്തിൽ തന്നെ “കളക്ടീവ് ലിവിങ്” എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ഇതിനു രൂപം കൊടുത്തത്.

അഹമ്മദിയിൽ കുവൈറ്റ് ഓയിൽ കമ്പനിയിലെ സ്വദേശികളും വിദേശികളുമായ തൊഴിലാളികൾക്കായി അക്കാലത്ത് നിർമ്മിച്ച ചെറിയ കൺസപ്റ്റ് അപ്പാർട്‌മെന്റുകൾ, കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറി തുടങ്ങിയ കുവൈത്തിലെ ആധുനിക സമൂഹം എന്നതൊക്കെ അന്നത്തെ നഗരവികസന മാതൃകകളെ സ്വാധീനിച്ചിരുന്നു. എന്നാൽ അതോടൊപ്പം ഗവണ്മെന്റ് സഹായത്തോടെ ലോൺ & പ്ലോട്ട് എന്ന സ്‌കീമിൽ നഗരത്തിനു പുറത്തെ ഒഴിഞ്ഞപ്രദേശങ്ങളിൽ ധാരാളമായി വികസിച്ചു വന്ന വീടുകളും വില്ലകളും കുവൈത്തി പാർപ്പിട ആവശ്യങ്ങളെ മറ്റൊരു തലത്തിലേക്ക് പരിവർത്തിപ്പിച്ചതായി കുവൈത്തി യൂണിവേഴ്‌സിറ്റിയിലെ ആർകിടെക്ട് വിഭാഗത്തിലെ അസ്സീൽ അൽ രഗം തന്റെ പഠനത്തിൽ പറയുന്നുണ്ട്. മറ്റൊന്ന് കാര്യക്ഷമമായ സാങ്കേതിക പരിപാലനം നിർവഹിക്കുന്നതിന് ആവശ്യമായ ഒരു റെസിഡൻഷ്യൽ അസോയിയേഷൻ ഇവിടെ ഒരു കാലത്തും രൂപപ്പെട്ടില്ല. കെട്ടിട പരിപാലനത്തിന്റെ ചുമതലയുള്ള കുവൈറ്റ് മുൻസിപ്പാലിറ്റിക്ക് ഭീമമായ ബാധ്യതയായി ഇത് മാറുകയും താമസക്കാരായ ആളുകൾ അതിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്നോട്ട് പോകുകയും ചെയ്തത് സാധാരണ ജീവിതത്തിന് തടസ്സമായി.

sawaber 1

സവാബർ കോംപ്ലെക്സിൽ അപാർട്മെന്റ് ലഭിച്ച സ്വദേശികൾക്ക് മതിയായ രീതിയിലുള്ള ജീവിതസൗകര്യങ്ങൾ ലഭ്യമാകാത്തതിനാൽ അവർ വർഷങ്ങൾക്കിപ്പുറം അപ്പാർട്മെന്റുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുകയും അവർ അന്യദേശക്കാരായ പ്രവാസിതൊഴിലാളികൾക്ക് വാടകക്ക് നൽകുകയുമുണ്ടായി. ഓരോ അപ്പാർട്മെന്റിലും പത്തിലധികം ആളുകൾ കുത്തിനിറച്ച് താമസിച്ചത് മാലിന്യ നിർമ്മാർജ്‌ജനത്തിനും വർദ്ധിച്ചു വരുന്ന തീപിടുത്തങ്ങൾക്കും ഇടയാക്കി. അവശേഷിക്കുന്ന സ്വദേശി കുടുംബങ്ങളും അപ്പാർട്മെന്റുകൾ ഒഴിവാക്കി. ഒരു വർഷം 750,000 ദിനാർ വരെ ബഡ്ജറ്റ് വകയിരുത്തിയത് NHA നിർത്തലാക്കി. വർദ്ധിച്ചുവന്ന തീപിടുത്തങ്ങൾ സുരക്ഷാ പ്രശ്നമായി കണക്കാക്കി അപ്പാർട്മെന്റുകൾ ഒഴിപ്പിക്കാനായി വൈദ്യുതിയും വെള്ളവും നിർത്തലാക്കി. കുറേ വർഷങ്ങളായി ഉടമകളുമായി നടക്കുന്ന നിയമവ്യവഹാരങ്ങൾ ഏതാണ്ട് 110 മില്യൺ ദിനാർ കണക്കാക്കി അവസാനിപ്പിക്കാൻ 2018 ൽ തീരുമാനിച്ചു.

sawaber fire

എന്നാൽ ആധുനിക കുവൈത്തിന്റെ പരിവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ കെട്ടിട സമുച്ചയത്തിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കി നിലനിർത്തണമെന്ന് ആർക്കിടെക്ച്ചറൽ വിദ്യാർത്‌ഥികളും കുവൈത്തി ചരിത്രകാരന്മാരും ആവശ്യപ്പെടുകയും നിയമപോരാട്ടം ആരംഭിക്കുകയും ചെയ്തതിനിടയിലാണ് അധികൃതർ കെട്ടിടം പൊളിച്ചു നീക്കാൻ കരാർ കൊടുത്തത്. ജനജീവിതത്തിന് സുരക്ഷയും നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഇടയാകുന്നുവെന്ന സൂചനകളും അതിന് ആക്കംകൂട്ടി. നഗരഹൃദയത്തിലെ വിശാലമായ ഭൂമി വിലമതിക്കാനാവാത്തവിധം റിയൽഎസ്റ്റേറ്റ് സാധ്യതകൾ ഉള്ളതാണ് എന്നതും പ്രധാനമാണ്.

sawaber graffiti 2

ആളൊഴിഞ്ഞ സവാബർ കെട്ടിടസമുച്ചയം കുവൈത്തിലെ ഗ്രഫിറ്റി ചിത്രകാരന്മാരുടെ ഇഷ്ടപ്പെട്ട ഇടം കൂടിയായിരുന്നു. മനോഹരമായ വർണ്ണാഭമായ നിരവധി ചിത്രങ്ങൾ പ്രതിസംസ്കാരത്തിന്റെ സൂചനകളുമായി ഇൻസ്റ്റാഗ്രാം സൈറ്റുകളിൽ നിറഞ്ഞിരുന്നു. വിവിധ ദേശക്കാരായ നിരവധി പ്രവാസികളുടെ ജീവിതത്തെ സ്പർശിച്ച ഒരു കെട്ടിടസമുച്ചയം കൂടിയായിരുന്നു അൽ സവാബർ. ഒരുപക്ഷെ കുവൈത്തിൽ മറ്റൊരു കോണിലും സാധ്യമാവാത്ത വിധം സഹജീവനത്തിന്റെ വേറിട്ട ഒരു മാതൃക കൂടി നൽകിയ ഇടം.

അൽ സവാബർ പലരും കരുതുന്നതു പോലെ ഒരു തെറ്റായ അർബൻ വാസ്തുമാതൃക ആയിരുന്നില്ല, അത് കാലം തെറ്റി പിറന്ന ഒന്നായിരുന്നു. ഉത്തരാധുനിക കുവൈത്തിലെ യുവസമൂഹം ഇപ്പോൾ “ഡൗൺ ടൗൺ ലിവിങ് ” എന്ന പാശ്ചാത്യ മാതൃകയെ അടിസ്ഥാനപ്പെടുത്തി വീണ്ടും നഗരഭാഗത്തെ ചെറിയ അപ്പാർട്മെന്റുകളിലേക്ക് കൂടുമാറുന്ന പ്രവണത പ്രബലമായിരിക്കുന്നു. സവാബർ അന്നു മുന്നോട്ട് വെച്ചത് ഇതിന്റെ പൂർവ്വ മാതൃക ആയിരുന്നുവെന്ന് ഒരുതരത്തിൽ വേണമെങ്കിൽ പറയാം. ഒന്നൊന്നായി സവാബറിലെ കെട്ടിടങ്ങൾ നിലംപൊത്തി തുടങ്ങിയിരിക്കുന്നു. അസ്ഥിവാരങ്ങളിൽ നിന്ന് കോർത്തുപെറുക്കിയ ഇരുമ്പുകമ്പികൾ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നു. പകരം വരുന്ന ഒരുപറ്റം അമ്ബരചുംബികളായ കെട്ടിടങ്ങൾ എപ്പോഴും നിശബ്ദമായ ഒരു നിലവിളി കേട്ടാവും ഒറ്റക്ക് നിൽക്കുക !!

-അലാ മോറിസ്