നാട്ടിൽ “മികവിന്റെ കേന്ദ്രങ്ങൾ”, അന്യനാട്ടിൽ പ്രഹസനമാകുന്ന ഇന്ത്യൻ സ്‌കൂൾ സംവിധാനങ്ങൾ

Ahmed Ramzan/ Gulf News

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇവിടെ ഇന്ത്യൻ സ്‌കൂളുകളിൽ പഠിച്ച്, നാട്ടിൽ IAS/IPS  അല്ലെങ്കിൽ ജനറൽ മെറിറ്റിൽ ഒരു മെഡിക്കൽ സീറ്റ് എഴുതിയെടുത്ത എത്ര കുട്ടികൾ ഉണ്ടാകും? ഒരൊറ്റ ഇന്ത്യൻ സ്‌കൂളും ഇതുവരെ അത്തരം കണക്കുകൾ അവതരിപ്പിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. മികവറിന്റെ നിലനിൽക്കുന്ന മാനദണ്ഡം എന്ന നിലയിലാണ് മേൽപ്പറഞ്ഞ കോഴ്‌സുകൾ സൂചിപ്പിച്ചത് അല്ലാതെ ജീവിതവിജയത്തിന്റെ അളവുകോൽ എന്ന നിലയിൽ അല്ല. സന്തോഷകരമായി ജീവിക്കാൻ അത്തരം കോഴ്‌സുകൾ തന്നെ വേണമെന്നുമില്ല.

എന്നാൽ ഒരു ജീവിതകാലം മുഴുവൻ പ്രവാസികൾ  ശ്രദ്ധയോടെ പടുത്തുയർത്തുന്ന മക്കളുടെ വിദ്യാഭ്യാസം എന്ന ഏറെ മുതൽമുടക്ക് ആവശ്യമുള്ള ഒരു പ്രക്രിയയിൽ നിന്ന് ചിലവഴിക്കുന്ന പണത്തിനനുസരിച്ചുള്ള മൂല്യം ലഭ്യമാകുന്നുണ്ടോ! ഉയർന്ന ക്ളാസുകളിൽ എത്തിയാലും ഒട്ടും കാര്യശേഷിയില്ലാത്തവിധം പെരുമാറുന്ന കുട്ടികളെക്കുറിച്ചുള്ള പരാതികൾ പറയുന്നത് ഇവിടെ ജീവിക്കുന്ന മാതാപിതാക്കൾ തന്നെയാണ്. ഒമ്പതിലോ പത്തിലോ എത്തുമ്പോഴേക്ക് നാട്ടിൽ ഹോസ്റ്റലിൽ അയച്ചു പഠിപ്പിക്കുന്നവരും, മാതാവും കുട്ടികളും താമസം നാട്ടിലേക്ക് മാറ്റുന്നതിന്റെ പ്രധാനകാരണവും  ഇവിടുത്തെ വിദ്യാഭ്യാസ ചെലവ് മാത്രമല്ല, തങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്ന പ്രായോഗികജ്ഞാനം തീരെ കുറഞ്ഞ വിദ്യാഭ്യാസരീതികൊണ്ടാണ്.

മതിയായ ശമ്പളം കൊടുക്കാതെ, മികച്ച അധ്യാപകരെ നിയമിക്കുന്നതിനുപകരം താൽകാലികമായി അനധികൃതമായി നിയമിക്കുന്ന അധ്യാപകർ. തങ്ങളുടെ വ്യക്തിഗത മികവ് കൊണ്ട്മാത്രം സ്‌കൂളുകൾ നയിക്കുന്ന മികച്ച അധ്യാപകർ മതിയായ വേതനമില്ലാതെ കഷ്ടപ്പെടുന്നത് ഒരുവശത്ത്, സ്‌കൂളിന്റെ നാലയലത്ത് എത്താനുള്ള യോഗ്യതയില്ലാത്ത കുറേ പേർ മറുഭാഗത്തുമായി ഒരു താൽക്കാലിക സംവിധാനമാണ് മിക്ക സ്‌കൂളുകളിലും നടന്നുവരുന്നത്. നാട്ടിൽ മികവിന്റെ കേന്ദ്രങ്ങൾ ആകാൻ സ്‌കൂളുകൾ മത്സരിക്കുന്ന സമയമാണ്, നിരവധിയായ ട്രെയിനിങ് പ്രോഗ്രാമുകളിലൂടെ ചുമതലകളിലൂടെ അദ്ധ്യാപകർ സ്വയം കർമ്മശേഷി കൈവരിക്കാൻ ഉതകുന്ന വിധത്തിലുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. എന്നാൽ ഇവിടെ പ്രധാന അധ്യാപകരുടെയും മാനേജുമെന്റ് കോഓർഡിനേറ്റർമാരുടെയും പൊങ്ങച്ചപ്രകടനവും വിവരക്കേടും വെളിവാകുന്ന റോഡ് ഷോ മാത്രമാണ് സ്‌കൂൾ പരിപാടികളിൽ പലതും. മികച്ച മാതൃകകൾ ഇല്ലായെന്നല്ല ഒരു പൊതുസംവിധാനം തുടർന്ന് പോരുന്ന അവസ്ഥ ആർക്കും വിലയിരുത്താവുന്നതേയുള്ളൂ.  തങ്ങൾക്ക് ഫ്രീയായോ കുറഞ്ഞ ചിലവിലോ ലഭ്യമാകുന്ന സ്‌കൂൾ ആഡിറ്റോറിയങ്ങളുടെ സാധ്യത മനസ്സിലാക്കി ഇത്തരം സ്‌കൂൾ അധികാരികളെ ആവശ്യത്തിനും അനാവശ്യത്തിനും പൊന്നാടയിട്ട് ഊതിവീർപ്പിക്കുന്ന പ്രവാസി സംഘടനാ ഭാരവാഹികളും നിത്യസംഭവമാണ്. സ്‌കൂളുകളിൽ നടക്കുന്ന കാർണിവലുകൾ മുതൽ ലഭ്യമാക്കുന്ന പുസ്തകളും യൂണിഫോമുകളും വരെ എല്ലാ ക്രയവിക്രയങ്ങളും എങ്ങനെ കൂടുതൽ ലാഭമുണ്ടാക്കാം എന്ന കച്ചവട മനഃസ്ഥിതിയിൽ അധിഷ്ഠിതമാണ്. ഉയർന്ന ഫീസ് വാങ്ങി പഠിപ്പിക്കുന്ന സ്‌കൂളുകൾ തേടി ചെല്ലുന്ന മാതാപിതാക്കളും കുറവല്ല. ഗൾഫ് നാടുകളിൽ കഷ്ടപ്പെട്ട് പഠിച്ചു പോകുന്ന ഉന്നത നിലയിലെത്തിയ കുട്ടികളുടെ മികവിനെ കുറച്ച് കാണുകയല്ല മറിച്ച് അനാവശ്യമായി ചിലവഴിക്കേണ്ടിവരുന്ന ഒരുപാട് പണത്തിന് തത്തുല്യമായ സേവനം നമുക്ക് ലഭ്യമാവുന്നുണ്ടോ എന്നതാണ് വിഷയം.

curriculum

സാധാരണക്കാരായ പ്രവാസികുടുംബങ്ങൾക്ക് അതിയായ സാമ്പത്തിക ബാധ്യതയില്ലാത്ത വിധത്തിൽ മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ കൂടി ചുമതലയാണ്. മധ്യകേരളത്തിന്റെ, മലയോര കർഷക കുടുംബങ്ങളിലെ  സാമ്പത്തിക സംവിധാനങ്ങളുടെ ദിശ മാറ്റിപ്പിടിച്ച വിദ്യാഭ്യാസ വിപ്ലവമായിരുന്നു കേരളത്തിലെ നഴ്‌സുമാർ. തങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ട് ഒരു കുടുംബത്തിന്റെയൊന്നാകെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തിയ കർമ്മ ശേഷി. ലോകത്തിലെ തന്നെ മികച്ച ആതുരസേവന പ്രവർത്തകരായി മാറിയത് എന്നും അവഗണന നേരിട്ട ഈ വിഭാഗങ്ങളാണ്. കുട്ടികളുടെ വിദ്യാഭ്യാസം എന്നത് അവരെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. തങ്ങളുടെ ജോലി ഉപേക്ഷിച്ച് പോകാനാവാത്ത അവസ്ഥയിൽ സ്‌കൂളുകളുടെ എല്ലാ കൊള്ളരുതായ്മകളും അനുസരിച്ച് മുന്നോട്ട് പോകാൻ അവർ നിർബന്ധിതമാകും. അതിലും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് ഇതിനൊപ്പം ഈ സാമ്പത്തിക ദുരിതം ചുമക്കുവാനേ നിവൃത്തിയുള്ളൂ. അമിതമായ ഫീ പാഠപുസ്തകത്തിന്റെ വിലയായി നിശ്ചയിച്ചതിൽ പ്രതിഷേധിച്ചതിന്, തർക്കമുണ്ടായി  അബ്ബാസിയയിലെ ഒരു ഇന്ത്യൻ സ്‌കൂൾ അധികൃതർ പോലീസിനെ വിളിച്ചുവരുത്തിയത് കഴിഞ്ഞ ദിവസമാണ്.

കമ്യൂണിറ്റി സ്‌കൂളുകൾ സ്ഥാപിക്കുന്നത് ഇത്തരം ചൂഷണവ്യവസ്ഥകളെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന കാഴ്ച്ചപ്പാടിലാണ് അറബ് നാടുകളിൽ പലയിടത്തും അത്തരം  സംവിധാനങ്ങൾ രൂപംകൊണ്ടത്. എന്നാൽ എങ്ങനെയാണ് അത്തരം സംവിധാനങ്ങൾ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾക്കും അധികാര തർക്കങ്ങൾക്കും ഇടയാക്കിയത് എന്ന് കുവൈത്തിൽ കണ്ടതാണ്, ജിദ്ദയിൽ കണ്ടതാണ് മറ്റു പലയിടത്തും കണ്ടുകൊണ്ടിരിക്കുന്നതാണ്. നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ മക്കൾക്ക് അന്യനാട്ടിലും താരതമ്യേനെ കുറഞ്ഞ ചിലവിൽ പഠിക്കാനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്താൻ അറബ് ഭരണകൂടങ്ങളോടും വിദ്യാഭ്യാസവകുപ്പിനോടും നമ്മുടെ സർക്കാറുകൾ ആത്മാർത്ഥതയോടെ സമീപിച്ചാൽ മാറ്റങ്ങൾ ഉണ്ടാവും. നഴ്‌സിംഗ് മേഖലയിലെ വ്യാപക ക്രമക്കേടുകൾ അവസാനിപ്പിക്കാൻ ഗവണ്മെന്റ് സംവിധാനങ്ങൾ മുന്നോട്ട് വെച്ച മാതൃക ഇവിടുത്തെ അധികാരികൾ അംഗീകരിച്ചിരുന്നു. മാത്രമല്ല പ്രവാസി കുടുംബങ്ങളുടെ  എക്കാലത്തെയും പ്രശ്നമായ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാനും ചിലപ്പോൾ സാധിക്കും. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി സമുച്ചയമാണ് കുവൈത്തിൽ ഒരുങ്ങുന്നത്. നമ്മുടെ കുട്ടികൾക്കും പഠിക്കാൻ സാധ്യമാകുന്ന ഇന്ത്യൻ യൂണിവേഴ്‌സിറ്റി സംവിധാനങ്ങൾ, ഐഐടി കളുടെ മാതൃകകൾ ഒക്കെ ഈ സമുച്ചയത്തിന്റെ ഭാഗമായി ഇവിടങ്ങളിലെ അധികാരികളുമായി ആലോചിക്കാവുന്നതാണ്. സൗദി ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന മേഖല ഉന്നത വിദ്യാഭ്യാസ മേഖലയാണ്. ഇന്ത്യൻ എംബസി അധികൃതർ ഇത്തരം സംവിധാനങ്ങളുടെ സാധ്യതകൾ കൂടിയാണ് പഠിച്ച് ഇന്ത്യൻ പൗരന്മാർക്ക് കൂടി പ്രയോജനപ്രദമാകുന്ന വിധത്തിൽ അധികാരകേന്ദ്രങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത്.

യു.കെ.ജി കഴിഞ്ഞ കുട്ടികളെ ഗ്രാജുവേഷൻ കുപ്പായം തുന്നി വാങ്ങിപ്പിച്ച്, അതിനും വിലയീടാക്കി, ഒന്നിച്ചിരുത്തി ഫോട്ടോയെടുത്ത് “ഗ്രാജുവേഷൻ സെറിമണി” എന്ന് പേരിട്ട് മക്കളുടെ ഭാവി സ്വപ്നം കാണുന്ന മാതാപിതാക്കളെ ഉൾപ്പുളകം കൊള്ളിക്കുന്ന പരിപാടിയാണ് ഇപ്പോഴും നടക്കുന്നത്. അതൊക്കെ നല്ലതാണ് അതിനൊപ്പം ഈ ചെയ്യുന്നതൊക്കെ എന്തിനുകൂടിയാണ് എന്നു കൂടി ആലോചിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം ആരും ചോദിച്ചുപോകും “എന്തു പ്രഹസനമാടോ” ഇത് എന്ന് !!

- ജോസ് അഗസ്റ്റിൻ