ഭരതനാട്യം “അടവുകൾ” : വീഡിയോ റെഫറൻസ് പാഠങ്ങളുമായി വിനിത പ്രതീഷ്

srshti

കുവൈത്ത്: സൃഷ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നൃത്താധ്യാപികയും    കോറിയോഗ്രാഫറുമായ വിനിത പ്രതീഷ് ഭരതനാട്യം അഭ്യസിക്കുന്നവർക്കുള്ള വീഡിയോ റെഫറൻസ് ഗൈഡ് ഒരുക്കുന്നു. ഭാരതനാട്യത്തിലെ എഴുപത് അടവുകളും 15 ആഴ്ചകളിലായി യൂ ട്യൂബ് ചാനൽ വഴി പുറത്തിറക്കും.

ഭരതനാട്യം അഭ്യസിക്കുന്നവർക്ക് ഒരു സഹായം എന്ന നിലയിൽ സൗജന്യമായാണ് ഇതിനൊരുങ്ങുന്നത് എന്നും മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും വിനീത പ്രതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സൃഷ്ടി സ്ക്കൂൾ ഓഫ്  ഡാന്‍സിലെ  ശിഷ്യരായ കാവ്യ വൈദ്യനാഥൻ,  ധീര രാകേഷ്, അഞ്ജലി നായർ, അനന്തിക  ദിലിപ് തുടങ്ങിയവരെക്കൂടി  പങ്കാളികളാക്കികൊണ്ടാണ് ”സമ്പൂര്‍ണ്ണം”  ഒരുക്കിയിരിക്കുന്നത്. നൃത്തം അഭ്യസിക്കേണ്ടത് ഒരു ഗുരുവിന്റെ കീഴിൽ നേരിട്ട് ആവണമെന്നത് തീർച്ചയാണ്, എന്നാൽ പരിശീലനത്തിനിടയിലൊ, പഠനം കഴിഞ്ഞുള്ള സമയങ്ങളിലോ ഇത്തരം റെഫറൻസ് നൃത്ത പ്രേമികൾക്ക് ഉപയോഗപ്പെടുത്താനാവും. നിലവിൽ സോഷ്യൽ മീഡിയയിൽ ഇത്തരം സഹായികൾ ഉണ്ടെങ്കിലും പലയിടങ്ങളിലായി ചിതറികിടക്കുന്നതുകൊണ്ട് തന്നെ വേണ്ട രീതിയിൽ ഇത് ഉപയോഗപ്പെടുത്താനാവുന്നില്ല. സമ്പൂർണ്ണമായ ഒരു പഠന സഹായി ആ കുറവ് നികത്തുമെന്നും അവർ അഭിപ്രായപ്പെട്ടു.