കുവൈത്തിൽ മൊബൈൽ കമ്പനികൾ 5G ഇന്റർനെറ്റ് പ്രീ ബുക്കിംഗ് ആരംഭിച്ചു, എന്താണ് 5G? എന്തെല്ലാമാണ് 4G, 4G+ എന്നിവയിൽ നിന്ന് ഇതിനുള്ള വ്യത്യാസം?

5g-100718139-large

കുവൈത്തിൽ zain, viva മൊബൈൽ കമ്പനികൾ 5ജി ഇന്റർനെറ്റ് സർവീസിനുള്ള പ്രീ ബുക്കിങ്ങ് ആരംഭിച്ചു. തങ്ങളുടെ വെബ്‌സൈറ്റ് പേജ് വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അടുത്ത മാസം പകുതിയോടെ തുടങ്ങാനാവുമെന്ന് കരുതുന്ന സർവീസ് ചിലപ്പോൾ ജൂലൈയിലേക്ക് നീണ്ടുപോകാനും സാധ്യതയുണ്ടെന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്. കുവൈത്തിൽ നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഈ സർവീസ് ലഭ്യമാണോ എന്ന് സ്വയം പരിശോധിക്കാവുന്ന 5G കവറേജ് മാപ്പും viva അവരുടെ വെബ്‌സൈറ്റ് പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ലഭ്യമായ 4G നെറ്റ്‌വർക്ക് നിങ്ങളുടെ കയ്യിലുള്ള ഫോണിലോ റൗട്ടറിലോ ലഭ്യമാവുന്ന ഫ്രീക്വൻസിയുടെ അടിസ്ഥാനത്തിലാണ് അതിലെ നെറ്റ് സ്പീഡ് നിശ്ചയിക്കപ്പെടുന്നത്. ഓരോ മൊബൈൽ ടവറിലും മൊബൈൽ സേവനദാതാവ് വിവിധതരം ബാൻഡ് / ഫ്രീക്വൻസികളിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. 800 MHz, 1800 MHz, 2100 MHz, 2600 MHz എന്നിങ്ങനെയാണ് നിലവിൽ കുവൈത്തിൽ ലഭ്യമാകുന്ന ഫ്രീക്വൻസികൾ. ഏതു സെക്റ്ററിലെ ടവർ എന്നതിനനുസരിച്ച് ഒരു ക്രമ നമ്പറും ഉൾപ്പെടുത്തിയിരിക്കുന്നു.

 സാധാരണ 4G മാത്രം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഏരിയയിൽ ഏറ്റവും അടുത്തുള്ള ടവറിലെ ഏറ്റവും ശക്തികൂടിയ ലഭ്യമായ സിഗ്നലിൽ ഫോൺ കണക്ട് ആവുന്നു. ഉദാഹരണത്തിന് സെക്ടർ 114 ലെ 1800 MHz ൽ കണക്ടാവുന്നു. എന്നാൽ റൗട്ടർ റീസ്റ്റാർട്ട് ചെയ്യുമ്പോൾ കണക്ടാവുക ചിലപ്പോൾ അടുത്തുള്ള മറ്റൊരു സെക്ടറിലെ 2100 MHz കണക്ഷനാവും. പലപ്പോഴും റൗട്ടർ ഓഫ് ചെയ്ത് ഓണാക്കുമ്പോൾ നെറ്റ് സ്പീഡ് കൂടുന്നതിനുള്ള കാരണം ഇതാവാം.

 4G ഒരൊറ്റ ഫ്രീക്വൻസിയിൽ മാത്രം കണക്ടാകുമ്പോൾ 4G + ഒന്നിലധികം ഫ്രീക്വൻസികൾ സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നു എന്നതാണ് സ്പീഡ് കൂടുതൽ കിട്ടുന്നതിന് കാരണം. Link Aggregation എന്ന  ഈ സംവിധാനത്തിലൂടെയാണ് നിലവിൽ കുവൈത്തിലെ 90 % മൊബൈൽ ഫോണുകളും റൗട്ടറുകളും പ്രവർത്തിക്കുന്നത്.  4G+  ഉപയോഗിക്കുമ്പോൾ 800 MHz+1800 MHz ഒരുമിച്ചോ അല്ലെങ്കിൽ 800 MHz+1800 MHz+2100 MHz ഒരുമിച്ചോ കണക്ഷൻ ലഭ്യമാകാനുള്ള സാധ്യതയുണ്ട്. എന്നാൽ കുവൈത്തിലെ എല്ലാ ഏരിയകളിലും ഒരേ ബാൻഡ് വിഡ്ത്ത് അല്ല മൊബൈൽ സേവനദാതാക്കൾ ലഭ്യമാക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തിനനുസരിച്ചും ഒരേ ടവറിൽ ഒരേ സമയം ലഭ്യമാക്കിയിരിക്കുന്ന വിവിധ ബാൻഡുകൾക്ക് അനുസരിച്ചും വലിയതോതിലുള്ള നെറ്റ് സ്പീഡ് വ്യത്യാസങ്ങൾ ഉണ്ട്. എല്ലാ സെക്ടറുകളിലും ലിങ്ക് അഗ്രിഗേഷനും ഉണ്ടാകണമെന്നില്ല. 4G തന്നെയാണ് LTE എന്ന് വിളിക്കപ്പെടുന്നത്, 4G + പൊതുവെ  LTE – Advanced എന്നും പറയപ്പെടുന്നു.

 എത്ര തന്നെ മികച്ച പുതിയ ഇനം റൗട്ടറുകൾ ഉദാഹരണം (4 x 4  MIMO ആന്റിനകൾ – zain bolt ..etc ) ഉപയോഗിച്ചാലും നിങ്ങളുടെ ഏരിയയിൽ ഒരു ബാൻഡ്‌വിഡ്ത് മാത്രമാണ് ലഭ്യമായിട്ടുള്ളതെങ്കിൽ അതും തിരക്കേറിയ റൂട്ടാണെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന സ്പീഡ് ലഭ്യമാകണമെന്നില്ല. മറ്റൊന്ന് വീടിന്റെ ചില ഭാഗങ്ങളിൽ 4G മാത്രം കണക്ട് ആകുകയും മറ്റൊരിടത്ത് മറ്റൊരു സെക്ടറിലെ ഫ്രീക്വന്സിയിൽ 4G + കിട്ടിയേക്കാം എന്നതാണ്. മികച്ച റൗട്ടറിനോളം തന്നെ പ്രധാനമാണ് അത് ഉപയോഗിക്കുന്ന സ്ഥലത്തെ സിഗ്നൽ കണക്ഷന്റെ ഗുണനിലവാരം.

 അഞ്ചാം തലമുറ വയർലെസ്സ് നെറ്റ്‌വർക്ക് സംവിധാനമാണ് 5G എന്നറിയപ്പെടുന്നത്. അതിവേഗ നെറ്റ് കണക്ഷൻ മുഖേന വിർച്വൽ റിയാലിറ്റി ആപ്പുകൾ, ഗെയിമിങ് ടൂളുകൾ, വിവിധങ്ങളായ സ്ട്രീമിങ് പ്ലാറ്റുഫോമുകൾ, ഡ്രൈവർലെസ്സ് കാറുകൾ എന്നിവ ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്നവിധം സാങ്കേതിക മികവ് അത് അവകാശപ്പെടുന്നുണ്ട്. ഒരു മുഴുനീള സിനിമ സെക്കന്റുകൾക്കുള്ളിൽ ഡൗൺ ലോഡ് ചെയ്യാനാവുന്ന വിധം വേഗതയാണ് സേവനദാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. കുവൈത്ത് ടെലികോം അതോറിറ്റി പ്രസിദ്ധീകരിച്ചത് പ്രകാരം 3.5 GHz C-Bands ആണ് നിലവിൽ 5G  സംവിധാനത്തിൽ ഉണ്ടാകുക. 3500 MHz, 3700 MHz, 4700 MHz എന്നിങ്ങനെയാണ് പൊതുവെ C Band ഫ്രീക്വൻസി. കുവൈത്തിൽ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റൗട്ടറുകൾ ഒന്നും തന്നെ 5G ബാൻഡിൽ പ്രവർത്തിക്കില്ല.  ഹുവാവെ പുറത്തിറക്കുന്ന 5G റൗട്ടറുകൾ Huawei CPE Pro എന്ന മോഡലാവും ആദ്യം അവതരിപ്പിക്കുക എന്നും കരുതപ്പെടുന്നുണ്ട്.

 സാംസങ്‌ S10  ആണ് നിലവിൽ 5G സംവിധാനത്തോടെ ഇറങ്ങിയ പുതുതലമുറ മൊബൈൽ സ്മാർട്ട് ഫോൺ. റെഗുലേറ്ററി അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാവും 5G പുതിയ താരിഫുകൾ മൊബൈൽ കമ്പനികൾ പ്രഖ്യാപിക്കുക. നിലവിലുള്ള ഉപഭോക്താക്കൾക്ക് 5G കണക്ഷനുകൾ പുതിയ പാക്കേജിൽ പുതിയ ഡിവൈസുകളിൽ മാത്രമേ നിലവിൽ ഉപയോഗിക്കാൻ കഴിയൂ. 1GBps വരെ വേഗത അവകാശപ്പെടുന്ന 5G റൗട്ടറുകൾക്ക് നിലവിൽ 300 കെ ഡി യോളം വിലവരുമെന്ന് കരുതപ്പെടുന്നു.

 ഉപഭോക്താവിന്റെ നിലവിലെ ശീലങ്ങൾ ഒട്ടാകെ മാറ്റിമറിക്കുന്നതാവും 5G വിപ്ലവം !!

 - അലാ മോറിസ്